പി.എം സ്കോളർഷിപ്പ് മോഡലിൽ സി.എം കിഡ്സ്

Monday 22 December 2025 12:37 AM IST

തിരുവനന്തപുരം: പി.എം. സ്‌കോളർഷിപ് മാതൂകയിൽ മുഖ്യമന്ത്രിയുടെ പേരിൽ 'സി.എം. കിഡ്സ് സ്‌കോളർഷിപ്പ്' പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയുടെ പേരിലാണ് മാറ്റം. ഒപ്പം പരീക്ഷാ പാഠ്യപദ്ധതിയിലും സിലബസിലും മൂല്യനിർണയ രീതിയിലും സമഗ്രമായ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. യു.പി വിഭാഗം വിജയികൾക്ക് മാസം 150 രൂപയും എൽ.പി വിഭാഗത്തിന് 100 രൂപയുമാണ് സ്കോളർഷിപ്.

സിലബസിൽ

സമഗ്രമാറ്റം

ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറിയതിനനുസൃതമായാണ് സിലബസിൽ മാറ്റം. മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിലാണിത് . പി.എസ്.സി മത്സരപരീക്ഷകൾക്ക് സമാനമായ കട്ട് ഓഫ് രീതിയാകും നടപ്പാക്കുക. ചോദ്യപേപ്പറിന്റെ കാഠിന്യം വിലയിരുത്തി പരീക്ഷാ ബോർഡ് നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലാകും വിജയികളെ തീരുമാനിക്കുക. .പരീക്ഷാ തീയതി സംബന്ധിച്ച പ്രഖ്യാപനം നാളെയുണ്ടാകും. ജനുവരി ആദ്യവാരം രജിസ്‌ടേഷൻ ആരംഭിക്കും. ഫെബ്രുവരിയിൽ പരീക്ഷ നടത്താനാണ് തീരുമാനം. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കും.

'പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും അവരെ കൂടുതൽ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിനുമാണ് മാറ്റങ്ങൾ.' .

-വി. ശിവൻകുട്ടി

വിദ്യാഭ്യാസ മന്ത്രി