സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല: വി.ശിവൻകുട്ടി 

Monday 22 December 2025 12:43 AM IST

തിരുവനന്തപുരം:ചില സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ആഘോഷത്തിനായി കുട്ടികളിൽ നിന്ന് പിരിച്ച തുക തിരികെ നൽകുകയും ചെയ്തുവെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കേരളം പോലെ ഉയർന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിത്.മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യൻ മോഡലുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ല.വിഷയത്തിൽ അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.