അട്ടപ്പള്ളത്തെ ആൾക്കൂട്ടക്കൊല : നീതി കിട്ടാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
തൃശൂർ : നീതി ലഭിക്കാതെ, വാളയാറിലെ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ ബഗേലിന്റെ (31) മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കുറ്റവാളികൾക്കെതിരെ എസ്.സി - എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ പ്രതിഷേധത്തിലാണ്.
അന്യനാടല്ലെന്ന് കരുതി കേരളത്തിലെത്തിയ തങ്ങളുടെ പ്രിയപ്പെട്ടവനെ ചേതനയറ്റ നിലയിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും, കുറ്റവാളികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ ഇവിടെ തുടരുമെന്നും കുടുംബാംഗങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. ആശങ്കകൾ പുകയുന്നതിനിടെ, പ്രതിഷേധിക്കുന്ന കുടുംബവുമായി ചർച്ച നടത്താൻ സർക്കാർ പ്രതിനിധിയായി പാലക്കാട് ആർ.ഡി.ഒ തൃശൂരിലേക്ക് തിരിച്ചു. മെഡിക്കൽ കോളേജിലെത്തി കുടുംബവുമായി സംസാരിക്കും.
അതിനിടെ രണ്ട് പിഞ്ചുമക്കളടങ്ങുന്ന രാംനാരായണന്റെ നിർദ്ധന കുടുംബം അനാഥമായെന്ന് ബന്ധുക്കൾ ആരോപിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് ആശ്വാസവാക്കുകളോ സഹായമോ ലഭിച്ചില്ലെന്നും ബന്ധുവായ ശശികാന്ത് വിശദീകരിച്ചു. ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്‌ഷൻ കമ്മിറ്റി പ്രവർത്തകരും മാനവീയം സംഘടനയുടെ പ്രതിനിധികളും മറ്റ് സാമൂഹിക സംഘടനകളും ചേർന്നാണ് ബന്ധുക്കളെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചത്. ഛത്തീസ്ഗഢിലെ കർഹി വില്ലേജിലെ ഒരു ചെറിയ കുടിലിലാണ് രാംനാരായണനും കുടുംബവും കഴിയുന്നത്.
പത്തും എട്ടും വയസുള്ള അനൂജ്, ആകാശ് എന്നീ രണ്ട് ആൺമക്കളും രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടുന്നതിനാൽ അമ്മയ്ക്ക് കാണാൻ വരാനായില്ല. ആറ് മാസമായി പാലക്കാട് കെട്ടിട നിർമ്മാണ ജോലി ചെയ്യുന്ന ബന്ധുവായ ശശികാന്തിന്റെ അടുത്തേക്കാണ് ആദ്യം ജോലി തേടി രാംനാരായണനെത്തിയത്. ദളിത് സമുദായക്കാരായ തങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ കർശനനിയമങ്ങൾ ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ആൾക്കൂട്ട കൊലപാതകം മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: അട്ടപ്പള്ളത്തെ ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേരളത്തിൽ ആവർത്തിക്കില്ലെന്ന് നാം കരുതിയ ആൾക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി .
ആൾക്കൂട്ടക്കൊല:അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്
വാളയാർ: അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി അതിഥിത്തൊഴിലാളി രാം നാരായൺ ഭയ്യാർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറി. ഇന്നലെ ഉത്തരവിറങ്ങി. ഡിവൈ.എസ്.പി എം.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഗോപകുമാറിനു പുറമേ ഒരു ഇൻസ്പെക്ടറും ഒരു എസ്.ഐയും ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കേണണ്ടതിനാലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു. അഞ്ച് പേരാണ് റിമാൻഡിലുള്ളത്. ഇവർക്കെതിരെ കൊലപാതകം, സംഘം ചേർന്നു മർദ്ദിക്കൽ, തടഞ്ഞു വയ്ക്കൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രണ്ടു മണിക്കൂറോളം മർദ്ദനത്തിനികയായെന്നാണ് സൂചന. ചോര ഛർദ്ദിച്ചു കുഴഞ്ഞു വീണ ശേഷവും വടികൊണ്ട് മർദിച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാർ ദളിത് വിഭാഗക്കാരനായതിനാൽജാതീയമായി ആക്ഷേപിക്കൽ, വംശീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയേക്കും. ഇരുപതോളം പേർ നിരീക്ഷണത്തിലുണ്ട്. പ്രതികളെന്നു സംശയിക്കുന്ന ചിലർ മുങ്ങിയതായും വിവരമുണ്ട്. സൈബർ പൊലീസിന്റെ കൂടി സഹായത്തോടെ മൊബൈൽ ഫോൺ ലോക്കേഷൻ ഉൾപ്പെടെ നിരീക്ഷിച്ചും അന്വേഷണം നടക്കുന്നുണ്ട്.