റവന്യൂ മന്ത്രി കെ.രാജന് വെള്ളാപ്പള്ളിയുടെ 'എ പ്ലസ്'
തൃശൂർ: രണ്ടാം പിണറായി സർക്കാരിലെ എല്ലാ മന്ത്രിമാരും നല്ലതാണെന്ന അഭിപ്രായമില്ലെങ്കിലും, റവന്യൂ മന്ത്രി കെ.രാജന് എ പ്ലസ് കൊടുക്കാമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗം നേതൃപദവിയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട വെള്ളാപ്പള്ളിക്ക് തൃശൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നൽകിയ ആദരവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്ററി മോഹമോ സർക്കാരിന്റെ ഔദ്യോഗിക പദവിയോ ഒന്നും വേണ്ട.
ഈഴവരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്കും ഉയർച്ചയ്ക്കുമായാണ് തന്റെ പ്രവർത്തനം. എല്ലാവരെയും സഹോദരാ എന്ന് വിളിച്ചെങ്കിലും ഏതെങ്കിലും സഹോദരൻ ഇങ്ങോട്ടുവന്ന് വാ സഹോദരായെന്ന് പറഞ്ഞിട്ടുണ്ടോ? സംഘടിത വോട്ട് ബാങ്കുകളായി രാഷ്ട്രീയാധികാരത്തിലെത്തി അവരുടെ സമുദായത്തിനായി ഓരോന്ന് വെട്ടിപ്പിടിച്ചു. സോദരചിന്തയോടെ പ്രവർത്തിച്ച നമ്മൾക്ക് ആരെന്ത് തന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു.ആദരവ് പരിപാടി മന്ത്രി കെ. രാജൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി പ്രസന്നൻ അദ്ധ്യക്ഷനായി.
മുസ്‌ലിങ്ങൾക്ക്
എതിരല്ല
ഒരു മുസ്‌ലിമിനും എതിരെയല്ല താൻ പറഞ്ഞത്. ലീഗിലെ ചില നേതാക്കൾ കാണിച്ച അനീതി ചൂണ്ടിക്കാണിച്ചപ്പോൾ മുസ‌്‌ലിം വിരോധമാക്കി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ലി നടേശൻ. സാമൂഹിക നീതിയും രാഷ്ട്രീയ നീതിയും എല്ലാവർക്കും അവകാശപ്പെട്ടതാണ്. അസംബ്ലി, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ പ്രാതിനിധ്യം വേണ്ടേ? അതോടൊപ്പം സാമ്പത്തിക - വിദ്യാഭ്യാസ കാര്യങ്ങളിൽ സാമൂഹിക നീതി പാലിക്കപ്പെടേണ്ടതല്ലേ?- വെള്ളാപ്പള്ളി ചോദിച്ചു.