നിയമസഭ: യു.ഡി.എഫ് കർമ്മ പദ്ധതി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകയിൽ നിയമസഭയിലേയ്‌ക്ക് കർമ്മപദ്ധതി ഒരുക്കാനും പ്രവർത്തനങ്ങൾക്ക് സമയക്രമം നിശ്ചയിക്കാനുമായി യു.ഡി.എഫ് സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും.കളമശേരിയിലെ ചാക്കോളാസ് പവലിയനിൽ രാവിലെ 10 മുതലാണ് യോഗം.
തദ്ദേശ തിരഞ്ഞെടുപ്പിന് ഒന്നര വർഷത്തോളം മുമ്പേ ആരംഭിച്ച ഒരുക്കങ്ങളും കർമ്മപദ്ധതിയും വിജയത്തെ സഹായിച്ചെന്നാണ് ഘടകകക്ഷികളുടെ ഉൾപ്പെടെ വിലയിരുത്തൽ.തിരുവനന്തപുരം കോർപ്പറേഷനിലും മറ്റും പ്രതീക്ഷീച്ച വിജയം നേടാനാകാത്തതും , വിജയം നേടിയ തദ്ദേശ ഭരണ സമിതികൾ ജനകീയമായി പ്രവർത്തിക്കേണ്ടതും ചർച്ചയായാകുമെന്ന് യു.ഡി.എഫ് വൃത്തങ്ങൾ പറഞ്ഞു.
തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പിണറായി സർക്കാർ പുതിയ പദ്ധതികളും
എൽ.ഡി.എഫ് പുതിയ തന്ത്രങ്ങളും പുറത്തെടുക്കാനുള്ള സാദ്ധ്യത വിലയിരുത്തി മറുതന്ത്രങ്ങളും ആവിഷ്‌കരിക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തി പ്രാഥമികരൂപരേഖ യോഗത്തിൽ അവതരിപ്പിക്കും. ഘടകകക്ഷികളുടെ അഭിപ്രായങ്ങളും സ്വീകരിച്ച് തുടർ യോഗങ്ങളിൽ പദ്ധതി അന്തിമമാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ടീം യു.ഡി.എഫ് എന്ന രീതി തുടരും.
ലക്ഷ്യം നൂറ് സീറ്റ്
നിയമസഭയിൽ നൂറു സീറ്റിന് മുകളിൽ നേടുകയെന്നതാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യം. നൂറു സീറ്റ് നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ സമയക്രമം നിശ്ചയിക്കും.