രാഹുൽഗാന്ധിയെ പരിഹസിച്ചുള്ള പരാമർശം ബി.ജെ.പിയെ സഹായിക്കാൻ: ചെന്നിത്തല

Monday 22 December 2025 12:00 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ വിദേശ സന്ദർശനത്തെ പരിഹസിച്ചുള്ള സി.പി.എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ വിമർശനം ബി.ജെ.പിയെ സഹായിക്കാനെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലുള്ള പാലമാണ് ജോൺ ബ്രിട്ടാസ് എന്നത് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ തന്നെ രാജ്യസഭയിൽ പറഞ്ഞത് നാം കേട്ടതാണ്.

പുതിയ തൊഴിലുറപ്പ് നിയമം കൊണ്ടുവന്ന് രാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണരെ പട്ടിണിയിലേക്കു തള്ളിവിടുന്ന ബി.ജെ.പി സർക്കാരിനെയോ പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ വിമർശിക്കുന്നില്ല. പ്രധാനമന്ത്രി കഴിഞ്ഞ സെഷനിൽ കഷ്ടിച്ച് രണ്ടോ മൂന്നോ വട്ടമാണ് പാർലമെന്റ് നടപടികളിൽ പങ്കെടുത്തത്. അതേക്കുറിച്ച് പറയാൻ ബ്രിട്ടാസിന്റെ നാവ് പൊന്തില്ല. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടിക്ക് മൂന്നോ നാലോ ദിവസത്തേക്ക് രാഹുൽഗാന്ധി വിദേശത്തു പോയതിനെ വിമർശിക്കുന്ന ബ്രിട്ടാസ് ബി.ജെ.പിയുടെ നാവാവുകയാണ്.

സംഘ് പരിവാർ അജൻഡ പാഠപുസ്തകങ്ങളിൽ വിളമ്പുന്ന പി.എം ശ്രീ പാഠ്യപദ്ധതിയിൽ സഖ്യകക്ഷികൾ പോലുമറിയാതെ, സി.പി.എമ്മിൽ പോലും ആലോചിക്കാതെ പിണറായി വിജയനെക്കൊണ്ട് ഒപ്പിടീക്കാൻ പ്രേരിപ്പിച്ചത് ബ്രിട്ടാസ് ആണെന്ന് നമുക്കെല്ലാം അറിയാം.

ബി.ജെ.പിയുടെ നാവായി, മാരീച വേഷം കെട്ടുന്ന ബ്രിട്ടാസിനെ കേരളജനത തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും ചെന്നിത്തല വ്യക്തമാക്കി.