'എല്ലാവർക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ"

Monday 22 December 2025 12:48 AM IST

തൃപ്പൂണി​ത്തുറ: പരലോകത്തും ശ്രീനിവാസന്റെ പ്രിയപ്പെട്ട എഴുത്തിന് തടസമുണ്ടാകില്ല. തന്റെ പ്രിയപ്പെട്ട പേനയും കടലാസുമായാണ് അദ്ദേഹം യാത്രയായത്. 'അച്ഛന് ഇനി​ എഴുതാനാവി​ല്ലല്ലോ... ​ എന്തുചെയ്യും" എന്ന് രാവിലെ അന്ത്യകർമ്മങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളുമായി സംസാരിക്കവേ മകൻ ധ്യാൻ ശ്രീനി​വാസനാണ് വിങ്ങലടക്കി ചോദിച്ചത്. അച്ഛന് പേനയും പേപ്പറും കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ജ്യേഷ്ഠൻ വി​നീതും യോജി​ച്ചു. ശ്രീനി​വാസന്റെ മുറി​യി​ൽ നി​ന്ന് അദ്ദേഹത്തി​ന്റെ ഇഷ്ടപ്പെട്ട പേനയും സ്ഥി​രം ഉപയോഗി​ക്കുന്ന കടലാസും എടുത്തു. എന്തെങ്കി​ലും എഴുതാൻ ​ വി​നീതി​നോട് പറഞ്ഞെങ്കി​ലും സാധി​ക്കുന്നി​ല്ലെന്നായി​രുന്നു മറുപടി​. സത്യൻ അങ്കി​ളി​​നെക്കൊണ്ട് എഴുതി​ക്കാമെന്നായി ധ്യാൻ​. സത്യൻ അന്തി​ക്കാട് എഴുതി ''എല്ലാവർക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ"". ഏറ്റവും പ്രി​യപ്പെട്ട സുഹൃത്തി​ന്റെ നെഞ്ചി​ൽ എത്രയോ കഥാപാത്രങ്ങൾക്കും മറക്കാനാവാത്ത സംഭാഷണങ്ങൾക്കും രൂപം കൊടുത്ത ആ പേന സത്യൻ അന്തി​ക്കാട് വി​തുമ്പലോടെ ചിതയിൽ വച്ചു. മടക്കയാത്രയി​ലും അങ്ങനെ ശ്രീനി​ വ്യത്യസ്തനായി​.