ഡഗ്ളസ് തലസ്ഥാനത്തിന്റെ സാന്താക്ലോസ്: 40 വർഷമായി പാപ്പയാകുന്ന സൈക്കോളജിസ്റ്റ്
തിരുവനന്തപുരം: കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ക്രിസ്മസ് കരോളിനൊപ്പം കൂടാനെത്തിയതാണ് പതിമൂന്നുകാരൻ കെ. ഡഗ്ലസ്. പയ്യന്റെ രൂപവും ഭാവവും കണ്ടപ്പോൾ അന്നുവരെ ക്രിസ്മസ് പാപ്പയുടെ വേഷം കെട്ടിയിരുന്നയാൾ പറഞ്ഞു 'ഇത്തവണ ഈ പയ്യൻ ആകട്ടെ"
അന്നു തുടങ്ങിയ ദൗത്യം നാല്പതു വർഷമായി മുടങ്ങിയിട്ടില്ല.
ഇപ്പോൾ പ്രായം 53. കൗൺസലിംഗ് സൈക്കോളജിസ്റ്റാണ്. നഗരത്തിലെ പ്രധാന പാപ്പ ഡോ. ഡഗ്ലസാണ്. പള്ളികളിലും സ്ഥാപനങ്ങളിലും വീടുകളിലും എത്തും. കൂടെ ഗായക സംഘവും. നഗരവാസികൾ ജാതിമതഭേദമന്യേ വരവേൽക്കും. പള്ളി കരോളിന് പകരം ഗ്രേറ്റ് ലാൻഡ് ഗ്ലോബൽ അസോസിയേഷൻ എന്ന ക്ളബ് രൂപീകരിച്ചു.
ക്ലബിന്റെ കരോൾ സംഘത്തിൽ എല്ലാ മതവിഭാഗത്തിൽ പെട്ടവരുമുണ്ട്. മറ്റു സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി, വീടിനുള്ളിലാണ് കരോൾ അവതരണം. ഇന്നലെ നടൻ മധുവിന്റെ കുമാരപുരത്തെ വസതിയിലുൾപ്പെടെ എത്തി. ഞാണ്ടൂർകോണം, ഹിൽവ്യൂ ഗാർഡൻസ് ലൗ ഡെയിലാണ് താമസം. ഭാര്യ മോനിഷ ഡഗ്ലസ് സർവോദയ സ്കൂൾ അദ്ധ്യാപികയാണ്. ഡിയോൺ ഡഗ്ലസും ഡോയൽ ഡഗ്ലസുമാണ് മക്കൾ.
ഡോയൽ കീബോർഡിസ്റ്റാണ്. ആറാം ക്ലാസു മുതൽ കരോളിനൊപ്പം കൂടിയ ഡോയൽ ഇപ്പോൾ ജർമ്മനിയിലാണ്. ഡഗ്ലസിന്റെ അച്ഛൻ ഇ.എം കുഞ്ഞൂഞ്ഞും ക്രിസ്മസ് ഫാദറായി വേഷമിട്ടിട്ടുണ്ട്.
ക്രിസ്മസ് ബമ്പറിലും പാപ്പയായി
സർക്കാർ 33 വർഷം മുമ്പ് ആദ്യമായി ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റ് അവതരിപ്പിച്ചപ്പോൾ അതിന്റെ പരസ്യ ചിത്രത്തിൽ പാപ്പയായതും ഡഗ്ലസാണ്. ഓണത്തിന് മഹാബലിയായും വേഷമിട്ടു. ഹ്രസ്വസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യനാളുകളിൽ മുഖംമൂടിയണിഞ്ഞാണ് പാപ്പയായത്. ഇപ്പോൾ മേക്കോവർ നടത്തുകയാണ്. അതിനുള്ള സാധനങ്ങൾ ബന്ധുക്കൾ എത്തിച്ചത് അമേരിക്കയിൽ നിന്നാണ്.
'കരോൾ സംഘത്തിന് ലഭിക്കുന്ന സംഭാവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്".
- ഡോ. കെ. ഡഗ്ലസ്