ഭക്തമനസ് നിറച്ച് ശബരിമലയിൽ സദ്യ വിളമ്പി

Monday 22 December 2025 1:50 AM IST

ശബരിമല: പുലാവും പരിപ്പുകറിയും അച്ചാറും മാത്രം നൽകിയിരുന്ന സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം. നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു. ഉച്ചയ്ക്ക് 12ന് അയ്യപ്പ ചിത്രത്തിന് മുന്നിൽ ഭദ്രദീപം കൊളുത്തി തൂശനിലയിട്ട് ശരണം വിളികളോടെ സദ്യ സമർപ്പിച്ചു. തുടർന്ന് ഭക്തർക്ക് വിളമ്പി. പൊന്നരി ചോറിൽ പരിപ്പും പർപ്പടവും നെയ്യ് ചേർത്ത് കഴിച്ചു. സാമ്പാർ, രസം, അവിയൽ, അച്ചാർ, തോരൻ, പായസം എന്നിവ പിന്നാലെയെത്തി.

അവിയലും തോരനും ദിവസവും മാറും. മോര്, രസം അല്ലെങ്കിൽ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ദിവസവും ഓരോ തരം പായസം കൊടുക്കും. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജുവാണ് അയ്യന് ആദ്യ സദ്യ വിളമ്പിയത്.

ദിവസവും അയ്യായിരത്തിലധികം പേർക്കാണ് സദ്യ ഒരുക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യയും പുലാവും വിളമ്പും. തീർത്ഥാടകർക്ക് കേരളീയ സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചിരുന്നു.