ശ്രീനി ഇനി ഹൃദയജ്വാല: വിടചൊല്ലാനാവാതെ ഭാര്യയും മക്കളും
തൃപ്പൂണിത്തുറ: സൗന്ദര്യസങ്കല്പങ്ങളെ മറികടന്ന് മലയാള സിനിമയെ ബുദ്ധിയും യുക്തിയും നർമ്മവും കൊണ്ട് അമ്മാനമാടിയ ശ്രീനിവാസന്റെ പ്രതിഭാവിലാസത്തിന് അമരത്വം. അരനൂറ്റാണ്ടോളം താരവും തിരക്കഥാകൃത്തും സംവിധായകനുമായി വിളങ്ങിയ ശ്രീനിവാസന്റെ ഭൗതികദേഹം ഇന്നലെ രാവിലെ 11.30ന് അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. വിടചൊല്ലാൻ കഴിയാതെ ഭാര്യ വിമലയും മക്കളായ വിനീതും ധ്യാനും ചേതനയറ്റ ശ്രീനിയെ കെട്ടിപ്പിടിച്ചും ചുംബിച്ചും അവസാന നിമിഷം വരെ ചേർന്നുനിന്നു. ഉദയംപേരൂർ കണ്ടനാട് പാലാഴി വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്കെടുക്കും മുമ്പ് ആത്മസുഹൃത്തായ സംവിധായകൻ സത്യൻ അന്തിക്കാട് നിറകണ്ണുമായി ശ്രീനിയുടെ പേന പേപ്പറിൽ കുത്തി നെഞ്ചിൽ സമർപ്പിച്ച് അന്ത്യയാത്രാമൊഴി ചാെല്ലി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
പാലാഴി വീട് മനസ് വിങ്ങുന്ന വൈകാരിക മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇളയമകൻ ധ്യാൻ പലപ്പോഴും പൊട്ടിക്കരഞ്ഞു. വിമല നിർനിമേഷയായി ചിതയിലേക്കെടുക്കും വരെ പ്രിയതമന്റെ മുഖത്തേക്ക് മാത്രം നോക്കി നിന്നു. ഇടയ്ക്കിടെ ശ്രീനിയുടെ മുഖം തുടച്ചു. പുണർന്നു. സത്യൻ അന്തിക്കാട് പലപ്പോഴും കരച്ചിലിന്റെ വക്കത്തെത്തി. മൂത്ത മകൻ വിനീതാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. ചിതയ്ക്ക് തീകൊളുത്താൻ ധ്യാനും ഒപ്പം ചേർന്നു. ധ്യാൻ മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യവും അർപ്പിച്ചു.
മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഒരു നോക്കു കാണാൻ എത്തിയവരുടെ തിരക്കുമൂലം രാവിലെ 10ന് നിശ്ചയിച്ച സംസ്കാരം ഒന്നര മണിക്കൂർ വൈകി.
ആയിരക്കണക്കിന് പേർ രാവിലെ മുതൽ ഇവിടേക്ക് ഒഴുകുകയായിരുന്നു. സംസ്ഥാന സർക്കാർ പ്രതിനിധിയായി കൃഷിമന്ത്രി പി. പ്രസാദ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, നടൻ മുകേഷ് എം.എൽ.എ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു. തമിഴ് സിനിമാതാരം സൂര്യയും യാത്രാമൊഴിയേകാനെത്തി.
ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് ഡയാലിസിസിനുള്ള യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശനിയാഴ്ച രാവിലെ 8.30ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ചാണ് ശ്രീനിവാസൻ (69) വിടപറഞ്ഞത്.