പരിധി പിൻവലിച്ചു, പിന്നാലെ വിമാന ടിക്കറ്റിൽ കൊള്ളയടി ആഭ്യന്തര സർവീസുകളിൽ നിരക്ക് കുത്തനെ കൂട്ടി

Monday 22 December 2025 12:54 AM IST

മലപ്പുറം: ക്രിസ്മസ്, ന്യൂഇയർ കാലത്ത് യാത്രക്കാരെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. വിമാനടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നടപടി പിൻവലിച്ചതിന് പിന്നാലെയാണിത്. ഇൻഡിഗോ പ്രതിസന്ധിക്കിടെ എയർഇന്ത്യ അടക്കം നിരക്ക് കുത്തനെ കൂട്ടിയതിനെ തുടർ‌ന്ന് ഡിസംബർ 15വരെ ഏർപ്പെടുത്തിയ നിയന്ത്രണമാണ് പിൻവലിച്ചത്. കൂടുതൽ കാലത്തേക്ക് നിയന്ത്രണം പ്രായോഗികമല്ലെന്നും അസാധാരണ സാഹചര്യങ്ങളിൽ ഇടപെടുമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

ഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇരട്ടിയിലധികം തുകയാണ് ഇപ്പോൾ ഈടാക്കുന്നത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നിരക്ക് 4000 -4500 രൂപയിൽ നിന്ന് 13,000ത്തിന് മുകളിലെത്തി. ബംഗളൂരു- കൊച്ചിക്ക് 9,000 രൂപവരെ. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 8,500 രൂപവരെയായിരുന്ന നിരക്ക് 19,000 വരെയായി കൂട്ടി.

വർദ്ധിപ്പിച്ച നിരക്ക്

(റൂട്ട്, കൂട്ടിയ നിരക്ക്,

സാധാരണ നിരക്ക് ക്രമത്തിൽ)

ബംഗളൂരു-തിരുവനന്തപുരം..............12,750- 13,900 ............................ 4000-4500

ബംഗളൂരു- കൊച്ചി.............................. 8,750- 9,000 ................................ 4000- 4500

ബംഗളൂരു- കണ്ണൂർ...............................8,600- 9,400 .................................3,700- 4500

ചെന്നൈ- കൊച്ചി............................... 11,500- 13,400 ............................ 4,000 - 5,300

ചെന്നൈ-തിരുവനന്തപുരം...............13,750- 17,000 ............................. 5,500 - 6,000

ഡൽഹി- കൊച്ചി................................ 15,800- 19,000 ............................. 8,500 - 9,500

ഡൽഹി- തിരുവനന്തപുരം.................16,750- 19,000 ............................ 8,000 - 8,500

മുംബയ്- കൊച്ചി................................ 14,500- 16,000 ............................5,300 - 6,000

മുംബയ്- തിരുവനന്തപുരം............... 15,000- 16,500 ............................ 7,000 - 7,500

''വിമാന ടിക്കറ്റ് നിരക്കിൽ നിലവിൽ നിയന്ത്രണങ്ങളൊന്നുമില്ല. ക്രിസ്മസ് കാലത്ത് ആഭ്യന്തര നിരക്ക് പൊതുവേ ഉയരാറുണ്ട്

-ജലീൽ മങ്കരത്തൊടി,​ ജന. സെക്രട്ടറി,​

ഇൻഡസ് ഫെ‌ഡറേഷൻ ഒഫ്

ട്രാവൽ ആൻഡ് ടൂർ ഏജന്റ്സ്