ചിത്രപ്രിയയെ കാലടി പാലത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാനും അലൻ പദ്ധതിയിട്ടു
കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് കൊല്ലപ്പെട്ട ഏവിയേഷൻ വിദ്യാർത്ഥി ചിത്രപ്രിയയെ (19) വകവരുത്താൻ കാമുകൻ അലൻ ബെന്നി (21) നേരത്തെയും പദ്ധതിയിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. രാത്രി കാലടി പാലത്തിൽ എത്തിച്ച് തള്ളിയിടുകയായിരുന്നു ലക്ഷ്യം. മാസങ്ങൾക്ക് മുമ്പേ ആസൂത്രണം ചെയ്ത പദ്ധതി നടന്നില്ല.
ഈ മാസം 6ന് രാത്രി മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ വീട്ടിൽ നിന്നു കാണാതായ ചിത്രപ്രിയയെ രണ്ടു ദിവസത്തിനു ശേഷം ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതകം നടക്കുമ്പോൾ താനും ചിത്രപ്രിയയും മദ്യപിച്ചിരുന്നതായി അലൻ പൊലീസിൽ പറഞ്ഞു. വടികൊണ്ട് അടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടുകല്ലുകൊണ്ട് തലയ്‌ക്കടിച്ചാണ് കൊലപ്പെടുത്തിയത്. അലന്റെ ഇലക്ട്രിക് സ്കൂട്ടറിലാണ് ചിത്രപ്രിയയെ റബർ തോട്ടത്തിൽ എത്തിച്ചത്.
കസ്റ്റഡിയിൽ ലഭിച്ച അലനുമായി കാലടി പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. വൈകിട്ട് മണപ്പാട്ടുചിറ പരിസരത്തും മലയാറ്റൂരിലും പെൺകുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്തും അലനെ എത്തിച്ചു. കൃത്യം നടത്തിയതും മറ്റും പ്രതി വിവരിച്ചു. വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുമെന്ന് പൊലീസ് പറഞ്ഞു. അടിക്കാൻ ഉപയോഗിച്ച വടി പൊലീസ് കണ്ടെടുത്തു. തലയ്‌ക്കടിച്ച വെട്ടുകല്ല് നേരത്തേ കണ്ടെടുത്തിരുന്നു. തലയോട്ടി തകർന്നുണ്ടായ മുറിവും രക്തസ്രാവവുമാണ് മരണത്തിന് ഇടയാക്കിയത്. മറ്റൊരു യുവാവുമായി ചിത്രപ്രിയ പ്രണയത്തിലാണെന്ന അലന്റെ സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും പുറത്തുപറയുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കാലടി എസ്.എച്ച്.ഒ ടി. അനിൽ മേപ്പിള്ളി പറഞ്ഞു.