ആഷസിൽ ഓസീസ് ചാമ്പ്യൻസ്
മൂന്നാം ടെസ്റ്റിലും ജയിച്ച് ഓസ്ട്രേലിയ ആഷസ് കിരീടം നിലനിറുത്തി
അഡ്‌ലെയ്ഡ് : ആഷസ് പരമ്പരയിലെ തുടർച്ചായ മൂന്നാം ടെസ്റ്റിലും മിന്നുന്ന വിജയം നേടിയ ഓസ്ട്രേലിയ രണ്ട് ടെസ്റ്റുകൾ ശേഷിക്കേ കിരീടം കൈക്കുമ്പിളിലെത്തിച്ചു. തുടർച്ചയായ അഞ്ചാം ആഷസിലാണ് ഓസീസ് ജേതാക്കളാകുന്നത്.
അഡ്‌ലെയ്ഡിൽ നടന്ന മൂന്നാം ടെസ്റ്റിൽ 82 റൺസിന് വിജയിച്ചാണ് ഓസീസ് കിരീടം നിലനിറുത്തിയത്. 435 റൺസിന്റെ ലക്ഷ്യം തേടി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിനെ അഞ്ചാം ദിവസമായ ഇന്നലെ 352 റൺസിൽ ആൾഔട്ടാക്കിയാണ് ഓസീസ് വിജയക്കൊടി പാറിച്ചത്.
ആദ്യ ഇന്നിംഗ്സിൽ അലക്സ് കാരേയുടെ സെഞ്ച്വറി യുടേയും(106), ഉസ്മാൻ ഖ്വാജ (82), മിച്ചൽ സ്റ്റാർക്ക് (54) എന്നിവരുടെ അർദ്ധസെഞ്ച്വറികളുടേയും മികവിൽ ഓസീസ് 371 റൺസ് നേടിയിരുന്നു. എന്നാൽ മറുപടിയായി ഇംഗ്ളണ്ടിന് 286 റൺസേ നേടാനായുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ ട്രാവിസ് ഹെഡും(170), കാരേയും (72) തകർത്തടിച്ചതോടെ ഓസീസ് 349 റൺസ് നേടി ആൾഔട്ടായി. ഇതോടെയാണ് ഇംഗ്ളണ്ടിന് 435 റൺസ് ലക്ഷ്യമായി കുറിക്കപ്പെട്ടത്. സാക്ക് ക്രാവ്‌ലി (85),ജാമീ സ്മിത്ത് (60),വിൽ ജാക്ക്സ് (47), ബ്രണ്ടൻ കാഴ്സ് (39) എന്നിവർ പൊരുതിയെങ്കിലും 352 ലേ എത്താനായുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും നഥാൻ ലയണും ചേർന്നാണ് ഓസീസിനായി പ്രതിരോധം തീർത്തത്.
ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയും ആറ് ക്യാച്ചുകളും നേടിയ ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് കാരേയാണ് പ്ളേയർ ഒഫ് ദ മാച്ച്. നാലാം ടെസ്റ്റ് 26ന് മെൽബണിൽ നടക്കും.
ഈ ആഷസിൽ ഇതുവരെ
ആദ്യ ടെസ്റ്റിൽ എട്ടുവിക്കറ്റിന് ഓസീസ് ജയം.
രണ്ടാം ടെസ്റ്റിൽ എട്ടുവിക്കറ്റിന് ഓസീസ് ജയം.
മൂന്നാം ടെസ്റ്റിൽ 82 റൺസിന് ഓസീസ് ജയം.
പരമ്പരയിൽ ഇനി
നാലാം ടെസ്റ്റ് ഡിസംബർ 26 മുതൽ മെൽബണിൽ
അഞ്ചാം ടെസ്റ്റ് ജനുവരി 4 മുതൽ സിഡ്നിയിൽ
2015
ന് ശേഷം നടന്ന ആഷസ് പരമ്പരകളിലെല്ലാം കിരീടം നേടിയത് ഓസീസാണ്.2017-18 സീസണിൽ 4-0ത്തിനാണ് ഓസീസ് പരമ്പര നേടിയത്. 2019ൽ 2-2ന് സമനിലയായതിനാൽ ഓസീസ് കിരീടം നിലനിറുത്തി. 2021-22 സീസണിൽ 4-0ത്തിന് വീണ്ടും ഓസീസ് പരമ്പര നേടി. 2022ൽ ഇംഗ്ളണ്ട് 2-2ന് സമനിലയാക്കിയെങ്കിലും നിലവിലെ ചാമ്പ്യൻസ് എന്ന നിലയിൽ ഓസീസ് കിരീടാവകാശികളായി.