ട്രാക്കിൽ തീക്കാറ്റാകാൻ ടീം ടി.കെ.എം ആർട്സ്
തിരുവനന്തപുരം : കൊല്ലം കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അത്‌ലറ്റിക് അക്കാഡമി സെന്റർ ആരംഭിച്ചിട്ട് രണ്ട് കൊല്ലമേ ആയിട്ടുള്ളൂവെങ്കിലും ഇത്തവണത്തെ കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ടി.കെ.എമ്മിന്റെ ടീമായിരുന്നു. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനവും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഓവറാൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കായികരംഗത്തെ തങ്ങളുടെ ചരിത്രം തന്നെ മാറ്റിയെഴുതി.ഇത്തവണ പുരുഷ ബോക്സിംഗിലെ ഇന്റർ കോളേജിയേറ്റ് ചാമ്പ്യന്മാരും ടി.കെ.എമ്മായിരുന്നു.
കായിക താരങ്ങളുമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെത്തിയ ടി.കെ.എം കോളേജ് ഒൻപത് സ്വർണവും എട്ട് വെള്ളിയും നാലുവെങ്കലങ്ങളുമടക്കം 21 മെഡലുകളാണ് യൂണിവേഴ്സിറ്റി മീറ്റിൽ നിന്ന് വാരിക്കൂട്ടിയത്. ഇന്റർവാഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ മത്സരിക്കാൻ താരങ്ങൾ യോഗ്യത നേടുകയും ചെയ്തു. അത്‌ലറ്റിക് അക്കാഡമി ആരംഭിച്ച് പരിശീലകനെ നിയോഗിച്ച സ്പോർട്സ് കൗൺസിലും സ്പോർട്സ് താരങ്ങൾക്കായി നീന്തൽക്കുളം ഉൾപ്പടെ നിർമ്മിക്കാൻ തയ്യാറായ കോളേജ് മാനേജ്മെന്റുമാണ് ഈ വിജയത്തിന് പിന്നിൽ.
അബ്ദുള്ള ഷൗനിസ്,ജോയ് കെ.സൈമൺ,മുഹമ്മദ് സിനാൻ,ശ്രീദേവ്.എസ്, വൈശാഖ്.വി,മനു ഗോപി,അബിമോൻ.ബി,ഇന്ദ്രനാഥൻ, വിശാഖ് ബി.പി,മുഹമ്മദ് ഷലീം,അശ്വിൻ.സി, അലോൺ ഷിജു മാത്യു,നകുൽ ജെ.എസ്,ജോഹിത ജോൺസൺ,ഹൃദ്യ.സി, ധനലക്ഷ്മി കെ.ജെ,വിഭ വിജയൻ,ഫാത്തിമ ദിഷ്ന,വൈഷ്ണ കെ.വി,ലയ സുനിൽ എന്നിവരാണ് കോളേജ് ടീമിന് വേണ്ടി മെഡലുകൾ നേടിയത്. സംസ്ഥാന സ്പോർട്സ് കൗൺസിലിലെ ആർ.ജയകുമാറാണ് അത്‌ലറ്റിക്സ് കോച്ച്. ഡോ.ടി.സി അബ്ദുൽ റഫീഖാണ് കായികവിഭാഗം മേധാവി.