സിനിമയുടെ അകമറിഞ്ഞ് കുട്ടികൾ

Monday 22 December 2025 12:08 AM IST
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി സിനിമയെ കുറിച്ച് കൂടുതലറിയാൻ കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സന്ദർശിച്ച കുട്ടികൾ

ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി സന്ദർശനം

കൊല്ലം: സിനിമയെന്ന മഹാലോകത്തിന്റെ ഉള്ളറകൾ തേടിയാണ് കുട്ടിപ്രതിഭകൾ കോട്ടയത്തിന് വണ്ടികയറിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ 8, 9,10 ക്ളാസുകളിലെ തിരഞ്ഞെടുത്ത പ്രതിഭകൾ അറിവുയാത്രയിൽ പങ്കാളികളായി. കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സന്ദർശനം അവർക്ക് സമ്മാനിച്ച പുത്തൻ അറിവുകൾ വേറിട്ടതായിരുന്നു.

പാഠപുസ്തകത്തിലെ അക്ഷരങ്ങൾക്കുമപ്പുറം സിനിമയുടെ സാങ്കേതിക വിദ്യകൾ കുട്ടികളെ വിസ്മയിപ്പിച്ചു. ഒരു കോടി രൂപയോളം വരുന്ന അത്യാധുനിക ക്യാമറകൾ കണ്ടും അവയുടെ പ്രവർത്തനം ചോദിച്ചറിഞ്ഞും കുട്ടികൾ സിനിമാ ലോകത്തെ അത്ഭുതങ്ങളെ അടുത്തറിഞ്ഞു. ഡിജിറ്റൽ യുഗത്തിലെ പുതിയ അനിമേഷൻ രീതികളും ശബ്ദ മിശ്രണത്തിലെ മാന്ത്രികതയും അറിവ് ശേഖരത്തിലേക്കു പകർന്നു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനും സിനിമാ പ്രവ‌ർത്തകനുമായ വിനോദ് സുകുമാരൻ കുട്ടികൾക്കായി സിനിയെപ്പറ്റി വിശദീകരിച്ചു. വിവിധ വകുപ്പ് മേധാവികൾ ക്ളാസുകൾ നയിച്ചു. സംവിധാനം, തിരക്കഥ, അഭിനയം എന്നീ വിഭാഗങ്ങളിലെ സർഗാത്മകതയായിരുന്നു പറഞ്ഞതും പഠിച്ചതും. പിന്നെ സാങ്കേതിക മികവുകളിലേക്ക് കടന്നു. എഡിറ്റിംഗ്, ശബ്ദ ക്രമീകരണം, സിനിമാട്ടോഗ്രഫി, അനിമേഷൻ എന്നിവയിലെ പുത്തൻ പ്രവണതകൾ അധികൃതർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഒരു പകൽ മുഴുവൻ സിനിമയുടെ അകംകാഴ്ചകളിലൂടെയാണ് കുട്ടിമനസുകൾ കടന്നുപോയത്.

ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം

കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സിനിമ മുഖ്യ വിഷയമാക്കിയുള്ള ഈ സന്ദർശനം. വിദ്യാഭ്യാസ ജില്ല കോ-ഓർഡിനേറ്റർ ബി. പ്രദീപ്, അദ്ധ്യാപകരായ ഷാജി എം.ജോൺ, എസ്. പ്രമോദ്, എൽ. ഗിരിജ, ജി.ആർ. അരുണ എന്നിവർ നേതൃത്വം നൽകി.