വിലക്കുറവോടെ സപ്ളൈകോ ക്രിസ്മസ് ഫെയറിന് ഇന്നു തുടക്കം

Monday 22 December 2025 1:13 AM IST

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ജനുവരി ഒന്നുവരെയാണ് ഫെയറുകൾ. 20 കിലോഗ്രാം അരി കിലോയ്ക്ക് 25 രൂപയ്ക്ക് ഫെയറുകളിൽ ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതൽ ലഭിക്കും.

പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉത്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50% വരെ വിലക്കുറവും നൽകും. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണിത്. എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയറാവും.

500 രൂപയ്ക്ക്

12 ഇന കിറ്റ് കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് 500 രൂപയ്ക്ക് ലഭിക്കും. ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും ഒരുക്കുന്നുണ്ട്. ആയിരം രൂപയ്ക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ കൂപ്പൺ വഴി 50 രൂപ ഡിസ്‌കൗണ്ട്. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആയിരം രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ.