20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്; സപ്ലൈകോയുടെ സമ്മാനം

Monday 22 December 2025 12:18 AM IST

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. ജനുവരി ഒന്നുവരെയാണ് ഫെയറുകള്‍. 20 കിലോഗ്രാം അരി കിലോയ്ക്ക് 25 രൂപയ്ക്ക് ഫെയറുകളില്‍ ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതല്‍ ലഭിക്കും.

പ്രമുഖ ബ്രാന്‍ഡുകളുടെ 280ലധികം ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50% വരെ വിലക്കുറവും നല്‍കും. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണിത്. എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയറാവും.

500 രൂപയ്ക്ക് 12 ഇന കിറ്റ്

കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് 500 രൂപയ്ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്കായി പ്രത്യേക കൂപ്പണുകളും ഒരുക്കുന്നുണ്ട്. ആയിരം രൂപയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ വഴി 50 രൂപ ഡിസ്‌കൗണ്ട്. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ആയിരം രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍.