പേര് കേരളത്തിന്റെ, സാധനം തമിഴ്‌നാട്ടില്‍ നിന്നും; അളവ് കൂട്ടാന്‍ ഫാക്ടറികളില്‍ ഉപയോഗിക്കുന്നത് ഈ 'പൊടിക്കൈ'

Monday 22 December 2025 12:25 AM IST

തൊടുപുഴ: സംസ്ഥാനത്തിന്റെ 10 തനത് ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി, 'കേരള ബ്രാന്‍ഡ് ' എന്ന പേരില്‍ ആഗോള വിപണിയില്‍ എത്തിക്കുന്ന പദ്ധതിയിലുള്‍പ്പെട്ട തേയിലയില്‍ 30 ശതമാനവും തമിഴ്‌നാടന്‍. കേരള ബ്രാന്‍ഡില്‍ ഇറക്കുന്ന തേയിലപ്പൊടിയുടെ 30 ശതമാനം വരെ പുറത്തു നിന്നുള്ള തേയില കലര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഇടുക്കിയിലെയും വയനാട്ടിലെയും ചെറുകിട തേയില കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. ഇതോടെ നിലവാരം കുറഞ്ഞ തമിഴ്‌നാടന്‍ തേയില വ്യാപകമായി അതിര്‍ത്തി കടന്നെത്തും.

ടീ ബോര്‍ഡിന്റെ വിലക്ക് വകവയ്ക്കാതെ വര്‍ഷങ്ങളായി തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലെ ഫാക്ടറികളിലേക്ക് പച്ചക്കൊളുന്ത് കടത്തുന്നുണ്ട്. പ്രധാനമായും ഊട്ടിയടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുള്ള തേയിലയാണ് കൊളുന്ത് വ്യാപാരികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി നാട്ടിലെ ഫാക്ടറികളിലെത്തിക്കുന്നത്.

ചെറുകിട കര്‍ഷകരുടെ വയറ്റത്തടിച്ച് സര്‍ക്കാര്‍

മൂന്നാറടക്കമുള്ള കേരളത്തിലെ തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന തേയിലയുടെ നാലിലൊന്ന് പോലും ഗുണമേന്മയില്ലാത്തവയാണ് അതിര്‍ത്തി കടന്നെത്തുന്നത്. താരതമ്യേന ഇടുക്കിയില്‍ നിന്ന് ലഭിക്കുന്ന കൊളുന്തിനേക്കാള്‍ വില കുറവായതിനാല്‍ ഫാക്ടറി ഉടമകള്‍ക്ക് ഇവയോടാണ് പ്രിയം. സംസ്‌കരണവേളയില്‍ ഇവ നാടന്‍ തേയിലയ്ക്കൊപ്പം കലര്‍ത്തി കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണ്. സര്‍ക്കാര്‍ ഈ കടത്തിന് അനുമതി നല്‍കിയതോടെ ഇനി വന്‍തോതില്‍ തമിഴ്‌നാടന്‍ തേയില കേരളത്തിലേക്ക് എത്തും. ഇതോടെ ഇവിടത്തെ പച്ചക്കൊളുന്ത് ഫാക്ടറികള്‍ക്ക് വേണ്ടാതാകും. വ്യവസായികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന. ചെറുകിട തേയില കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ബ്രാന്‍ഡ് ഇതോടെ കര്‍ഷകന്റെ അന്തകനാകുമെന്നാണ് ആശങ്ക.

കേരള ബ്രാന്‍ഡ്

സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി ആഗോള വിപണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് 'കേരള ബ്രാന്‍ഡ്' പദ്ധതിക്ക് രൂപം കൊടുത്തത്. തുടക്കത്തില്‍ വെളിച്ചെണ്ണയും പിന്നീട് കാപ്പി, തേയില, തേന്‍, നെയ്യ്, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകള്‍, പി.വി.സി പൈപ്പുകള്‍, സര്‍ജിക്കല്‍ റബ്ബര്‍ ഗ്ലൗസ്, കന്നുകാലിത്തീറ്റ എന്നിവയുമാണ് 'കേരള ബ്രാന്‍ഡ് ' ലേബലിലുള്ള പത്ത് ഉത്പന്നങ്ങള്‍. തേയിലയൊഴികെയുള്ള ബാക്കി ഒമ്പത് ഉത്പന്നങ്ങളും പൂര്‍ണമായും കേരളത്തില്‍ ഉത്പാദിപ്പിച്ചതാണ്.

20,000 കര്‍ഷകര്‍

ചെറുകിട തേയില കര്‍ഷക ഫെഡറേഷന്റെ കണക്കനുസരിച്ച് ഇടുക്കി ജില്ലയില്‍ മാത്രം ഏകദേശം ഇരുപതിനായിരത്തിലധികം ചെറുകിട തേയില കര്‍ഷകരുണ്ട്. പീരുമേട്, ദേവികുളം, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാര്‍ കൂടുതലുള്ളത്.

കേരള ബ്രാന്‍ഡ് തേയിലയില്‍ പുറത്തു നിന്നുള്ള തേയില കലര്‍ത്താന്‍ അനുമതി നല്‍കിയത് ചെറുകിട തേയില കര്‍ഷകരുടെ വയറ്റത്തടിയ്ക്കുന്ന നടപടിയാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചെറുകിട കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.- വൈ.സി. സ്റ്റീഫന്‍, ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ്