ഭൂമി തട്ടിയെടുക്കൽ: കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം
തിരുവനന്തപുരം: വിദേശത്ത് സ്ഥിരതാമസമാക്കിയവരുടെ പേരിലുള്ള ഭൂമി 'അന്യകൈവശം' എന്ന നിയമ വ്യവസ്ഥ ദുരുപയോഗപ്പെടുത്തി തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്ത റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കാണ് സംരക്ഷണം. ഭരണാനുകൂല സംഘടനയുടെ സമ്മർദ്ദം മൂലമാണിതെന്നാണ് ആക്ഷേപം. ദക്ഷിണ മേഖല വിജിലൻസ് ഡെപ്യൂട്ടി കളക്ടറാണ് അന്വേഷണം നടത്തി സെപ്തംബർ 23ന് ലാൻഡ് റവന്യു കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.
തിരുവനന്തപുരത്തെ ചിറയിൻകീഴ്, വർക്കല താലൂക്കുകളിലായി നൂറുകണക്കിന് സ്വകാര്യ ഭൂമി മാഫിയകൾ കൈവശപ്പെടുത്തിയ സംഭവത്തിലാണിത്. കഴിഞ്ഞ മാർച്ച് 14ന് 'നോക്കെത്താ ദൂരത്തെ ഭൂമി തട്ടാൻ മാഫിയ' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് മന്ത്രി കെ.രാജൻ അന്വേഷണത്തിന് നിർദ്ദേശിച്ചത്.
ചിറയിൻകീഴിലെ 83ഉം വർക്കലയിലെ 89ഉം കേസുകളാണ് വിജിലൻസ് പരിശോധിച്ചത്. ക്രമപ്രകാരമല്ലാതെ, പോക്കുവരവ് ചട്ടം 28 പ്രകാരം നടപടി സ്വീകരിച്ചതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ. അന്യകൈവശം (അഡ്വേഴ്സ് പൊസഷൻ) എന്ന നിയമ വ്യവസ്ഥ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്.
വ്യാജ ആധാരം ചമച്ച്
മറിച്ചു വില്പന
12 വർഷത്തിൽ കൂടുതൽ ഒരു വ്യക്തി തുടർച്ചയായും പരസ്യ തർക്കങ്ങളില്ലാതെയും കൈവശം വച്ചിട്ടുള്ള ഭൂമിക്ക് നികുതി അടയ്ക്കാൻ 1966ലെ പോക്കുവരവ് ചട്ടം 28 പ്രകാരം വ്യവസ്ഥയുണ്ട്. അപേക്ഷകളിൽ വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തിയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തിയും തഹസീൽദാരാണ് അന്യകൈവശം അനുവദിക്കുന്നത്. എന്നാൽ, കൈവശക്കാരന് ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിക്കില്ല, കരം അടയ്ക്കാമെന്ന് മാത്രം. ഈ പഴുതിലൂടെ വ്യജ ആധാരം ചമച്ചാണ് ഇത്തരം ഭൂമികൾ സ്വന്തമാക്കി മറിച്ചു വിൽക്കുന്നത്.
തട്ടിപ്പിന്റെ വഴി
1.വർഷങ്ങളായി നികുതി അടയ്ക്കാത്ത ഭൂമിയുടെ ഉടമ നാടുവിട്ടതോ, വിദേശത്ത് സ്ഥിരതാമസമാക്കിയതോ എന്നുറപ്പാക്കി അന്യകൈവശ ഭൂമി എന്ന് അവകാശപ്പെട്ട് വ്യാജ അപേക്ഷ നൽകും
2.ഉദ്യോഗസ്ഥരെ സ്വാധീനിച്ചും പറഞ്ഞു പഠിപ്പിച്ച സാക്ഷികളെ ഹാജരാക്കിയും വില്ലേജ് ഉദ്യോഗസ്ഥരെ കൊണ്ട് വ്യാജ റിപ്പോർട്ട് തയ്യാറാക്കും. ഭൂമിക്ക് തണ്ടപ്പേർ അനുവദിക്കുന്നതിൽ ആക്ഷേപമുള്ളവർ 15 ദിവസത്തിനകം അറിയിക്കണമെന്നുള്ള നോട്ടീസ് തഹസീൽദാർ ഇറക്കും 3.വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലെ ബോർഡിൽ പതിക്കേണ്ട ഈ നോട്ടീസ് മാഫിയ സംഘം കൈപ്പറ്റി നശിപ്പിച്ചാണ് തട്ടിപ്പ്