കോട്ടാത്തല തേവർ ചിറ നാശത്തിലേക്ക് നവീകരിച്ചിട്ടും സംരക്ഷണമില്ല

Monday 22 December 2025 12:35 AM IST
കോട്ടാത്തല തേവർ ചിറ

കൊട്ടാരക്കര: നവീകരിച്ച കോട്ടാത്തല തേവർചിറയ്ക്ക് വേണ്ടത്ര സംരക്ഷണമില്ല. വീണ്ടും നാശത്തിലേക്ക്. വശങ്ങളിൽ കാട്ടുവള്ളികൾ ഇറങ്ങി കുറ്റിക്കാട് പടരുന്നു. വെള്ളത്തിൽ മാലിന്യവും പ്ളാസ്റ്റിക്കും അടിഞ്ഞുകൂടി വൃത്തിശൂന്യം. വേനൽക്കാലത്ത് നാടിന് വലിയ അനുഗ്രഹമാകേണ്ട ചിറയാണ് വലിയ തുക ചെലവാക്കി നവീകരിച്ചിട്ടും നാശത്തിലേക്കടുക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് അനുവദിച്ച 89 ലക്ഷം രൂപ ഉപയോഗിച്ചാണ് ചിറ പൂർണമായും നവീകരിച്ച് നാടിന് സമർപ്പിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ജില്ലാ-ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകളും മുൻപ് തുക അനുവദിച്ച് ചില്ലറ പണികൾ നടത്തിയിരുന്നു. കൈയേറ്റങ്ങളിൽ കുറച്ചേറെ തിരിച്ച് പിടിച്ച്, വശങ്ങൾ കെട്ടി സംരക്ഷിച്ച്, ചിറയിലേക്ക് ഇറങ്ങാനുള്ള കൽപ്പടവുകളും മേൽക്കൂരയുമൊരുക്കി, നാല് ചുറ്റും നടപ്പാതയും തയ്യാറാക്കിയായിരുന്നു നവീകരണം പൂർത്തിയാക്കിയത്. ചിറയുടെ കരയിലായി ഇരിപ്പിടങ്ങളുമൊരുക്കി. ഇരിപ്പിടങ്ങൾ കാട് മൂടിയ നിലയിലാണ്. ഇടയ്ക്ക് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരുന്നെങ്കിലും ഇപ്പോൾ നാട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തി.

സ്ഥിരം സംരക്ഷണ പദ്ധതി വേണം

ചിറ സംരക്ഷിച്ച് നിലനിറുത്തുന്നതിനും ശുചീകരണത്തിനും സ്ഥിരം സംവിധാനമുണ്ടാകണം. നടപ്പാതയുടെ കുറച്ച് ഭാഗത്ത് ഇപ്പോൾ കാട് കയറിയ നിലയിലാണ്. മറ്റിടങ്ങളിൽ ഉണങ്ങിയ ഇലകളും മറ്റും നിറഞ്ഞിട്ടുമുണ്ട്. ചിറയിലെ വെള്ളം വറ്റിച്ച്, ചെളി പൂർണമായും കോരി മാറ്റിയാൽ വരുന്ന വേനൽക്കാലത്ത് നാടിന് വലിയ അനുഗ്രഹമായി മാറും. കുളിക്കാനും തുണി അലക്കാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ ഉപയോഗിക്കാം.

സാംസ്കാരിക ഇടമാകണം

കവിയരങ്ങ്, സാംസ്കാരിക പരിപാടികളൊക്കെ നടത്താനുള്ള സൗകര്യങ്ങൾ ചിറയോട് ചേർന്നുണ്ട്. പടവുകളൊക്കെ ഇരിപ്പിടങ്ങളായി മാറും വിധം അത്തരം പരിപാടികൾ സംഘടിപ്പിച്ചാൽ കൂടുതൽ ജനകീയ ഇടമായി ഇവിടം മാറും. രാജഭരണകാലത്ത് ഈ ചിറയിൽ മുങ്ങിക്കുളിച്ചിട്ടായിരുന്നു രാജ കുടുംബാംഗങ്ങൾ സമീപത്തെ ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തിയിരുന്നത്. ചരിത്രത്തിന്റെ ശേഷിപ്പായ ചിറയും പരിസരവും സാംസ്കാരിക പരിപാടികൾക്കുകൂടി മാറ്റിവയ്ക്കാൻ അധികൃതരും സംഘടനകളും തയ്യാറാകണം.