പൂച്ചെണ്ടിന് പകരം പ്ലാവിൻ തൈ; പുളിക്കലിൽ ഹരിത മാതൃകയോടെ അധികാരമേൽക്കൽ

Monday 22 December 2025 3:38 AM IST

പുളിക്കൽ: ആഡംബരങ്ങൾക്കും പ്ലാസ്റ്റിക് അലങ്കാരങ്ങൾക്കും വിട നൽകി പുളിക്കൽ ഗ്രാമപഞ്ചായത്തിൽ വേറിട്ടൊരു സത്യപ്രതിജ്ഞാ ചടങ്ങ്. പുതിയ മെമ്പർമാർ അധികാരമേറ്റപ്പോൾ അവർക്ക് ലഭിച്ച സ്വീകരണം പരിസ്ഥിതി സൗഹൃദത്തിന്റെ പുത്തൻ പാഠമായി മാറി. പൂച്ചെണ്ടുകൾക്ക് പകരം പ്ലാവിൻ തൈകൾ നൽകിയാണ് പഞ്ചായത്ത് ജീവനക്കാർ തങ്ങളുടെ പുതിയ ജനപ്രതിനിധികളെ വരവേറ്റത്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. പ്ലാസ്റ്റിക് കവറുകൾക്ക് പകരം പരിസ്ഥിതിക്ക് അനുയോജ്യമായ തുണിസഞ്ചികളിലാണ് ഹൈബ്രിഡ് പ്ലാവിൻ തൈകൾ കൈമാറിയത്. ചടങ്ങുകൾക്ക് ശേഷം വാടിക്കരിഞ്ഞു പോകുന്ന പൂച്ചെണ്ടുകൾ ഒഴിവാക്കി, നാടിന് ഗുണകരമാകുന്ന വൃക്ഷത്തൈകൾ നൽകുക എന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. അധികാരമേൽക്കുന്ന നിമിഷം മുതൽ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകണം എന്ന വലിയ സന്ദേശമാണ് ഇതിലൂടെ പഞ്ചായത്ത് നൽകുന്നത്. പുതിയ ഭരണസമിതി അംഗങ്ങൾ ഈ വേറിട്ട സമ്മാനത്തെ സന്തോഷപൂർവ്വം ഏറ്റുവാങ്ങി. വരും വർഷങ്ങളിൽ ഈ പ്ലാവിൻ തൈകൾ വളരുന്നതുപോലെ നാടിന്റെ വികസനവും പച്ചപിടിക്കുമെന്ന പ്രത്യാശയിലാണ് നാട്ടുകാരും ജീവനക്കാരും.

അഞ്ചുവർഷത്തിനുശേഷം 24 വാർഡുകൾ ഉള്ള പഞ്ചായത്തിൽ 21 വാർഡുകളും പിടിച്ചെടുത്ത് യുഡിഎഫ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ വരണാധികാരി കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസർ നൗഷാദ് വാർഡ് 13 തലെക്കര നിന്നും വിജയിച്ചെത്തിയ മുതിർന്ന അംഗമായ കൈപ്പേങ്ങൽ അഹമ്മദിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് കൈപ്പേങ്ങൽ അഹമ്മദ് മറ്റ് 23 അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി നൽകി.