കനാലിലെ ചോർച്ച; കൂളിയാട്ടും പുള്ളോടും പാടം വരണ്ടു    

Monday 22 December 2025 3:46 AM IST

വടക്കഞ്ചേരി: നിർമ്മാണത്തിലെ അപാകംമൂലം ചേരാമംഗലം കനാലിലുണ്ടായ ചോർച്ചയെത്തുടർന്ന് കൂളിയാട്, പുള്ളോട് പാടശേഖരങ്ങളുടെ അതിർത്തിയിൽ രണ്ടാം വിള നെൽക്കൃഷിയിറക്കിയ പാടം വരണ്ടുണങ്ങി. ചേറ്റുവിത നടത്തി ഒരു മാസം പിന്നിട്ട കൂളിയാട് പാടശേഖരത്തിലെ വാലറ്റത്തെ നെൽക്കൃഷിയാണ് ഉണങ്ങുന്നത്. രാധാകൃഷ്ണൻ, കണ്ടായി, രുക്മിണി, ചന്ദ്രൻ എന്നിവരുടെ കൃഷിക്കാണ് വെള്ളം എത്താത്തത്. ഒന്നാംവളം ഇടേണ്ട സമയമായെങ്കിലും വെള്ളമില്ലാത്തതിനാൽ അതിന് കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു. ചേരാമംഗലം ജലസേചനപദ്ധതിയുടെ കോട്ടാമ്പൊറ്റ കാട്ടുത്തെരുവ് ഭാഗത്തുനിന്നുള്ള പ്രധാന കനാലിൽ നിന്ന് തുമ്പിൽപ്പറമ്പ് ഭാഗത്ത് ആരംഭിക്കുന്ന ഉപകനാലിലാണ് ചോർച്ച. കനാൽ നവീകരിച്ചപ്പോൾ ഉയരവും വീതിയും കുറഞ്ഞു പോയതാണ് പ്രശ്നം. പ്രധാനകനാലിൽനിന്നുള്ള വെള്ളം ഉൾക്കൊള്ളാനാകാതെ കവിഞ്ഞ് സമീപത്തെ പാടത്ത് ആവശ്യത്തിലധികം വെള്ളം നിറഞ്ഞു. അധികജലം ഇവിടെ കൃഷിക്ക് ഭീഷണിയാകുകയും സമീപത്തെ തോട്ടിലൂടെ ഒഴുകി ഗായത്രിപ്പുഴയിലേക്ക് പാഴാകുകയുമാണ്. താഴെ ഭാഗത്തുള്ള പരപ്പ് പാടം, കൂളിയാട് പാടം പുള്ളോട് പാടം എന്നിവിടങ്ങളിൽ ആവശ്യത്തിന് വെള്ളം എത്തുന്നുമില്ല. വെള്ളക്കുറവുമൂലം ഇവിടെ ഉഴവ് നടത്താൻ പറ്റാത്ത സ്ഥിതിയാണ്. തുടർന്ന് കനാൽവിഭാഗം അധികാരികളും കരാറുകാരുടെ പ്രതിനിധികളും സ്ഥലത്തെത്തി പ്രശ്നം മനസ്സിലാക്കി പോയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. ചേരാമംഗലം കനാൽ അടച്ചശേഷം ആഴം കൂട്ടുകയോ വശങ്ങൾ ഉയർത്തുകയോ ചെയ്യേണ്ടിവരും. ഇവിടെ രണ്ടാം വിള കൊയ്‌തെടുക്കാനാകുന്ന കാര്യം സംശയമാണ്.