കർഷകരിൽ നിന്ന് വാങ്ങുന്നത് കിലോയ്ക്ക് 116ന്, രൂപം മാറിയെത്തുമ്പോൾ വിൽക്കുന്നത് 440 രൂപയ്ക്ക്
ആലപ്പുഴ: ക്രിസ്മസിന് രുചികരമായ ഇറച്ചി വിഭവങ്ങൾ വിളമ്പാൻ ഇറച്ചിക്കോഴി, താറാവ് വിപണി ഒരുങ്ങി. കുട്ടനാടൻ താറാവ് വിഭവങ്ങൾ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും ഒഴിച്ചുകൂടാനാവാത്തതാണ്. താറാവ് വിപണിയിൽ വലിയ മാറ്റമുണ്ടായിട്ടില്ലെങ്കിലും ചിക്കന്റെ വില കൂടിയിട്ടുണ്ട്.
കോഴിക്കർഷകർ വിൽക്കുന്നത് കിലോയ്ക്ക് 116 രൂപയ്ക്കാണ്. ഇത് മൊത്തകച്ചവടക്കാർ 126 രൂപയ്ക്കും ചില്ലറ വില്പനക്കാർ 140 രൂപയ്ക്കുമാണ് വിൽക്കുന്നത്. കർഷകർ താറാവ് വിൽക്കുന്നത് 225-230 രൂപയ്ക്കാണ്. ഇത് കച്ചവടക്കാർ ഡ്രസ് ചെയ്ത് വിൽക്കുമ്പോൾ 430-440 രൂപയാകും.
ക്രിസ്മസും പുതുവത്സരവും വലിയ പ്രതീക്ഷയോടെയാണ് ഇറച്ചി കച്ചവടക്കാർ കാണുന്നത്. ആഭരണം പണയം വച്ചും കടംവാങ്ങിയുമൊക്കെ കൃഷിയിറക്കിയവർ വലിയ പ്രതീക്ഷയിലാണ്. ഡിസംബർ, ജനുവരി മാസത്തെ കച്ചവടത്തിൽ നിന്നാണ് എന്തെങ്കിലും ലാഭം കിട്ടുന്നത്.
മുട്ടവിലയും കുതിക്കുന്നു
ശൈത്യകാലമായതോടെ ഇറച്ചിക്കൊപ്പം മുട്ടയ്ക്കും ആവശ്യക്കാർകൂടി. ശൈത്യകാലത്തെ തണുപ്പ് തരണം ചെയ്യാൻ വടക്കേ ഇന്ത്യയിൽ ആഘോഷങ്ങൾക്കും മറ്റ് പരിപാടികൾക്കും മുട്ടയുയും ഇറച്ചിയും ഉപയോഗിക്കുന്നത് കൂടിയതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി ഉപയോഗവും കൂടിയതാണ് മറ്റൊരു കാരണം. തമിഴ്നാട്ടിലെ നാമക്കലിൽ മുട്ട വില ഉയർന്നതോടെ കേരളത്തിലും റെക്കാഡ് നിരക്കായി.നവംബറിൽ മുട്ടയുടെ വില 6.50 ആയിരുന്നു. ഡിസംബർ ആദ്യവാരത്തിൽതന്നെ എട്ടുരൂപയിലെത്തി. നാടൻകോഴിമുട്ടയ്ക്ക് ഒരു രൂപ കൂടി കൂടുതലാണ്. താറാവ് മുട്ടയ്ക്ക് 12-15 രൂപ വരെ വിലയുണ്ട്. കേരളത്തിൽ ദിവസം രണ്ടുകോടിയിൽ അധികം മുട്ടയാണ് ആവശ്യമുള്ളത്.
ഇറച്ചി (കിലോയ്ക്ക്)
കോഴി: 140 രൂപ
താറാവ്: 430
മുട്ട
കോഴി:8
താറാവ് :15
ക്രിസ്മസ് വിപണി ഉണർന്നിട്ടുണ്ട്. നല്ല രീതിയിൽ കച്ചവടം നടക്കുന്നുണ്ട്. താറാവ് വിലയിൽ പുതുവത്സരം വരെ മാറ്റം വരാൻ സാദ്ധ്യതയില്ല
-കെ.ടി. കുട്ടപ്പൻ, താറാവ് കർഷകൻ
കോഴികർഷകർ വലിയ ബുദ്ധിമുട്ടിലൂടെയാണ് പോകുന്നത്. ഇതിന് സർക്കാർ തലത്തിൽ ആവശ്യമായ പദ്ധതികൾ രൂപീകരിക്കണം.
-എസ്.കെ.നസീർ, സംസ്ഥാന ജനറൽ സെക്രട്ടറി
ഓൾകേരള പൗൾട്രി ഫെഡറേഷൻ