പൊലീസിന് തിരിച്ചടി; നടൻ ഷെെൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്
കൊച്ചി: നടൻ ഷെെൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ ഫോറൻസികിന്റെ റിപ്പോർട്ട് പുറത്ത്. ഷെെൻ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഇന്നലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. ഹോട്ടലിൽ മുറിയെടുത്ത് ഷെെനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷെെൻ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയതും വിവാദമായിരുന്നു. പിന്നാലെ പിടിയിലായ ഷെെനിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ ഷെെൻ അന്ന് ലഹരി ഉപയോഗിച്ചതിന് തെളിവില്ല.
അതേസമയം, ആലപ്പുഴ ഹെെബ്രിഡ് കഞ്ചാവ് കേസിലും ഷെെൻ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് എക്‌സെെസ് വ്യക്തമാക്കിയിരുന്നു. കേസിൽ അറസ്റ്റിലായ തസ്‌ലീമ സുൽത്താനയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഷെെനിനെ പൊലീസ് ചോദ്യം ചെയ്തത്. ഏപ്രിലിൽ ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ തസ്ലീമയുടെ ഭർത്താവും അറസ്റ്റിലായിരുന്നു. ഭർത്താവായ സുൽത്താന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നും എക്സൈസ് കണ്ടെത്തിയിരുന്നു. സുൽത്താന് ചെന്നൈയിൽ മൊബൈൽ ഷോപ്പുണ്ടെന്നും ഇവിടേയ്ക്ക് സാധനങ്ങൾ കൊണ്ടുവരാൻ മലേഷ്യ അടക്കമുളള സ്ഥലങ്ങളിൽ സ്ഥിരം സന്ദർശിക്കാറുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സുൽത്താനാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചതെന്നാണ് എക്‌സൈസ് നിഗമനം. 25 പേരുടെ മൊഴിയും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. താൻ ഹെെബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും തസ്ലീമയുമായി ലഹരിഇടപാടില്ലെന്നും ഷെെൻ ടോം ചാക്കോ മുൻപ് മൊഴി നൽകിയിരുന്നു.