കൊല്ലണമെന്ന ഉദ്ദേശത്തിൽ ക്രൂരമായി മർദ്ദിച്ചു, രാംനാരായണിന് തലമുതൽ കാൽ വരെ ഏറ്റത് 40ലധികം മുറിവുകൾ
പാലക്കാട്: അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായൺ (31) അനുഭവിക്കേണ്ടിവന്നത് വലിയ ആക്രമണം. ഇയാളെ കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ പ്രതികൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികൾ വടി ഉപയോഗിച്ച് രാംനാരായണിന്റെ തലയിലും മുതുകിലും ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
യുവാവിനെ മണിക്കൂറുകളോളം മർദ്ദിച്ചു. പോസ്റ്റ്‌മോർട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ തല മുതൽ കാൽ വരെ 40ഓളം മുറിവുകളുണ്ട്. അടിയേറ്റ് നിലത്തുവീണ രാംനാരായണിന്റെ നെഞ്ചത്തും ഇടുപ്പിലും മുഖത്തും ചവിട്ടേറ്റു. ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തു. ഇയാളെ നിലത്തിട്ട് വലിച്ചിഴച്ച പാടുകൾ ശരീരത്തിലുണ്ട്.
പതിനഞ്ചോളം പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ അഞ്ചുപേരാണ് പിടിയിലായത്. സംഭവത്തിൽ പങ്കെടുത്തവർ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി.പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ.ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ. അനു (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. വാളയാർ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറി.
രാംനാരായണിനെ മർദിക്കുന്ന വീഡിയോകളിൽനിന്നും ചിത്രങ്ങളിൽനിന്നും തിരിച്ചറിയാൻ കഴിഞ്ഞ അഞ്ചുപേരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റുചെയ്തിട്ടുള്ളത്. പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം പങ്കുവെക്കപ്പെട്ട വീഡിയോകൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഈ പരിശോധനയിൽ സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയം പൊലീസിന് ഉണ്ടായി. അതിനെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദനത്തിൽ സ്ത്രീകളും പങ്കെടുത്തോ എന്നതിൽ വ്യക്തതയില്ലെങ്കിലും സംഭവസമയത്ത് സ്ത്രീകളുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നു.
കുറ്റകൃത്യത്തിൽ പങ്കെടുത്തവരിൽ പിടിയിലായവരെല്ലാം കൊടും ക്രിമിനലുകളാണ്. ഇതിൽ ഒരാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15 കേസുകളുണ്ട്. രാംനാരായണിനെ മർദ്ദിക്കുന്നത് തടയാൻ വന്നവരെ ഭീഷണിപ്പെടുത്തിയാണ് ഇവർ മർദ്ദനം തുടർന്നതെന്നാണ് വിവരം.