അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു; ഈശ്വരനാമത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ച് വരണാധികാരി

Monday 22 December 2025 9:51 AM IST

കണ്ണൂർ: ഇരിട്ടി നഗരസഭയിൽ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയ എസ്‌ഡിപിഐ അംഗത്തെക്കൊണ്ട് ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിച്ചു. നരയൻപാറ വാർഡിൽ നിന്ന് വിജയിച്ച പി സീനത്താണ് ആദ്യം അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയത്. എന്നാൽ ഒപ്പിടാൻ നേരം വരണാധികാരി ഇടപെട്ട് ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിക്കുകയായിരുന്നു.

അതേസമയം, കൗൺസിലർമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിൽ ഭരണഘടനാപരമായ ലംഘനമാണ് റിട്ടേണിംഗ് ഓഫീസർ റെക്സ് തോമസ് നടത്തിയതെന്ന് യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഭരണഘടന ഉറപ്പുനൽകുന്ന അവകാശപ്രകാരം ജനപ്രതിനിധികൾക്ക് ദൈവനാമത്തിൽ, ഈശ്വരനാമത്തിൽ, അല്ലാഹുവിന്റെ നാമത്തിൽ, അതുപോലെ തന്നെ മറ്റു മതവിശ്വാസികൾക്ക് അവരുടെ വിശ്വാസപ്രകാരം സത്യപ്രതിജ്ഞ ചെയ്യാനുള്ള പൂർണ്ണ അവകാശം നിലവിലിരിക്കെ, അതിന് അവസരം നിഷേധിച്ചുകൊണ്ടുള്ള റിട്ടേണിംഗ് ഓഫീസറുടെ ധിക്കാരപരവും ജനാധിപത്യവിരുദ്ധവുമായ സമീപനം അതീവ ഗൗരവതരമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഇത്തരമൊരു നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുള്ള നിർദ്ദേശമാണെന്ന തരത്തിൽ തെറ്റായ വിവരം നൽകി ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ നടത്തിയത്. ഇതിലൂടെ മതവിശ്വാസികളായ ജനപ്രതിനിധികൾക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുകയും, അവരുടെ മനസാക്ഷിക്കും വിശ്വാസത്തിനും വിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. റിട്ടേണിംഗ് ഓഫീസറുടെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.