പാലക്കാട്ടും ആലപ്പുഴയിലും വാഹനാപകടം; അഞ്ചുവയസുള്ള കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു

Monday 22 December 2025 9:56 AM IST

പാലക്കാട്: പാലക്കാട്ടും ആലപ്പുഴയിലുമുണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് വയസുള്ള കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. ഒ​റ്റപ്പാലം ലക്കിടിയിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. തിരുവില്വാമല സ്വദേശികളായ ശരണ്യ, അഞ്ചുവയസുള്ള മകൾ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറോടിച്ചിരുന്ന ബന്ധു മോഹൻദാസിന് സാരമായ പരിക്കേ​റ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ശരണ്യയുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. ലക്കിടിയിലെത്തിയപ്പോൾ സമാന ദിശയിൽ വന്ന ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയും ശരണ്യയുടെയും കുഞ്ഞിന്റെയും ശരീരത്തിൽ കയറി ഇറങ്ങുകയായിരുന്നു. ടിപ്പർ ലോറി അമിതവേഗത്തിലായിരുന്നുവെന്നും സംശയമുണ്ട്. ഇവരെ ഒ​റ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശി കമ്പിയകത്ത് വീട്ടിൽ നിഖിൽ (19), ചേർത്തല അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്റെ സുഹൃത്തായ വിപിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളവനാട് എ എസ് കനാൽ- പറത്തറ പാലത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്. രണ്ടു ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാകേഷും സുഹൃത്തായ വിപിനുമാണ് ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇടിയേറ്റ് തെറിച്ചുവീണ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിലിനെയും രാകേഷിനെയും രക്ഷിക്കാനായില്ല.

പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുമായി പോയ മിനി ബസ് നിയന്ത്രം വിട്ട് മ​റ്റൊരു ബസിലും രണ്ട് കാറിലും കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്കേറ്റു. ഇവരെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.