ഒറ്റദിവസം കൊണ്ട് 800 രൂപ കൂടി; പവൻ വില ദിവസങ്ങൾക്കുള്ളിൽ ലക്ഷം തൊട്ടേക്കും, വീണ്ടും 99000 കടന്ന് സ്വർണം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി 12,400 രൂപയുമായി. ഈ മാസത്തിൽ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പവൻ വില 99,000ന് മുകളിൽ കടക്കുന്നത്. ഡിസംബർ 15ന് പവൻ വില 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന സ്വർണനിരക്കായിരുന്നു അത്.
കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒമ്പതിനായിരുന്നു. അന്ന് പവന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമായിരുന്നു. ഈ മാസം അവസാനിക്കുന്നതോടെ പവൻ വില ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ കണക്കുക്കൂട്ടുന്നത്.
അതേസമയം, ഉയർന്ന വില കാരണം ഉപഭോക്താക്കൾ 22 കാരറ്റിന് പകരം 18 കാരറ്റ് ആഭരണങ്ങളിലേക്ക് മാറുന്ന പ്രവണതയുണ്ടെന്ന് വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നു. വിവാഹ ആവശ്യങ്ങൾക്കായുള്ള വാങ്ങലുകളാണ് വിപണിക്ക് ആശ്വാസം. സമ്മാനങ്ങൾക്കായി 14 കാരറ്റ് ആഭരണങ്ങളാണ് ഇപ്പോൾ ട്രെൻഡിൽ. രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്വർണം പ്രിയപ്പെട്ടതാക്കുന്നുണ്ടെങ്കിലും ജുവലറികൾക്ക് സ്റ്റോക്ക് ശേഖരിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ ശുഭപ്രതീക്ഷയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണ്ടെത്തൽ. 2023ൽ 1,752 ബില്യൺ രൂപയായിരുന്ന സംഘടിത ആഭരണ വിപണി 2029ഓടെ 5,079 ബില്യൺ രൂപയായി വളരുമെന്നാണ് കണക്കാക്കുന്നത്. നിർബന്ധിത ഹാൾമാർക്കിംഗ്, ബ്രാൻഡഡ് ഷോറൂമുകളുടെ വ്യാപനം എന്നിവ ഇതിന് കരുത്തേകും.