അത്ഭുതപ്പെടുത്തി ഗൾഫ് രാജ്യം, മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യം; പ്രവാസികൾക്ക് അമ്പരപ്പിനൊപ്പം ആശങ്കയും

Monday 22 December 2025 10:40 AM IST

റിയാദ്: സൗദി അറേബ്യ എന്ന കേൾക്കുമ്പോൾത്തന്നെ ചുട്ടുപഴുത്ത മരുഭൂമിയായിരിക്കും പലരുടെയും മനസിൽ ആദ്യം ഓടിയെത്തുക. എന്നാൽ വടക്കൻ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും അപൂർവമായ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

30 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇത് നിവാസികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ തുവൈഖ് പർവതനിര മുതൽ റിയാദിന് സമീപമുള്ള പ്രദേശങ്ങൾ വരെയുള്ള വിശാലമായ മരുഭൂമി പ്രദേശങ്ങൾ മഞ്ഞുമൂടിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മഞ്ഞുവീഴ്ചയെ 'ഹിസ്റ്ററി' എന്നാണ് പ്രാദേശിക ടിവി ചാനലുകൾ വിശേഷിപ്പിക്കുന്നത്. അതേസമയം നിരവധി താമസക്കാർ തണുത്ത കാലാവസ്ഥയെയും മഞ്ഞുമൂടിയ റോഡുകളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. താപനിലയിൽ കുത്തനെ ഇടിവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) നേരത്തെ മുന്നറിയിപ്പ് നൽകുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. മഞ്ഞുവീഴ്ച കാരണം കഴിഞ്ഞയാഴ്ച ട്രോജെന ഹൈലാൻഡ്സിലും തബൂക്ക് മേഖലയിലെ ചില ഭാഗങ്ങളിലും അസാധാരണമാംവിധം താപനില കുറഞ്ഞിരുന്നു.