'പൊള്ളിക്കുന്ന തണുപ്പാണിതെനിക്ക്, അത്രമേൽ ശൂന്യതയിലാണ് ഞാൻ'; പി ടിയുടെ ഓർമയിൽ ഉമ തോമസ്
പി ടി തോമസിന്റെ ഓർമദിവസം കല്ലറയ്ക്കരികിലെത്തി ഉമ തോമസ് എംഎൽഎയും കുടുംബവും. ഉമയ്ക്കൊപ്പം മക്കളായ വിഷ്ണു തോമസും വിവേക് തോമസും ഉണ്ടായിരുന്നു. 2021 ഡിസംബർ 22നാണ് തൃക്കാക്കര എംഎൽഎ ആയിരുന്ന പി ടി തോമസ് വിടവാങ്ങിയത്.
പി ടിയുടെ മാതാവിനും മറ്റു ബന്ധുക്കൾക്കുമൊപ്പമാണ് ഇടുക്കി ഉപ്പുതോടുള്ള പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കരികിലേക്ക് ഇവരെത്തിയത്. ഇതിന്റെ ചിത്രം ഉമ തോമസ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. പി ടി തുടങ്ങിയതും തിരിച്ചെത്തിയതും ഇതേ മണ്ണിലാണ്. പൊള്ളിക്കുന്ന തണുപ്പാണിതെന്നും അത്രമേൽ ശൂന്യതയിലാണ് താനെന്നും ഉമ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഈ പുലർച്ചയിൽ
ഞാനും മക്കളും ഇവിടെ ഉപ്പുതോടാണ്.
ഈ മണ്ണിൽ നിന്നാണ് എൻ്റെ
പി ടി തുടങ്ങിയത്.
തിരിച്ചെത്തിയതും ഇവിടേക്ക് തന്നെയാണ്.
പി ടി പോയ ദിവസമാണിത്.
പൊള്ളിക്കുന്ന തണുപ്പാണിതെനിക്ക്.
അത്രമേൽ ശൂന്യതയിലാണ് ഞാൻ.
ആരെയും കൂസാത്ത,
ആർക്കും ഭയപ്പെടുത്താനാവാത്ത,
ഒരിക്കലെങ്കിലും കണ്ട ഒരാളെ പോലും മറന്നു പോകാത്ത,
എൻ്റെ പി ടി ഇവിടെയാണുള്ളത്.
പ്രിയപ്പെട്ട അമ്മച്ചിയോടൊപ്പം..