'നോട്ടുകെട്ടുകൾ തൂക്കിവിറ്റ് അരിവാങ്ങുന്ന' ശ്രീനി

Monday 22 December 2025 11:27 AM IST

കൊച്ചി: ''കുറേ കാശുണ്ടാക്കുന്നുണ്ടല്ലോ, ഇതൊക്കെ എന്തു ചെയ്യുന്നു?"" ശ്രീനിവാസനോട് 'അറബിക്കഥ"യിൽ ഒപ്പം അഭിനയിച്ച സുഹൃത്ത് കെ.പി.കെ. വെങ്ങരയുടെ ചോദ്യം. ''നോട്ടുകെട്ടുകളെല്ലാം കൂട്ടിക്കൂട്ടി അലമാരയിൽ വയ്‌ക്കും. നിറയുമ്പോൾ കടയിൽ കൊണ്ടുപോയി തൂക്കിവിൽക്കും. കിട്ടുന്ന കാശിന് വീട്ടിലേക്കുള്ള അരിയും സാധനങ്ങളും വാങ്ങും."" ഒരു നിമിഷം പോലും ആലോചിക്കാതെ പൊട്ടിച്ചിരിയോടെ മറുപടി. ഒറ്റവാക്കിലായാലും ഒരുപാട് അർത്ഥമുള്ളതായിരുന്നു ശ്രീനിവാസന്റെ മറുപടികൾ. സമാന്തര സിനിമകളുടെ വക്താവായിരുന്ന ശ്രീനിവാസൻ, 'മനുഷ്യരുടേതാകണം സിനിമ" എന്ന് എപ്പോഴും പറയുമായിരുന്നു. ഗൾഫിൽ വരുമ്പോഴെല്ലാം കുടുസു മുറികളിലെ ബങ്കർ ബെഡുകൾക്കു നടുവിലേക്ക് തമാശക്കഥകളുമായി ശ്രീനി കടന്നുവരുമായിരുന്നു. പാട്ടുപാടിയും അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചും കുറേസമയം. അപ്പോഴേക്കും ഒരു കഥാപാത്രമെങ്കിലും ആ മനസിൽ കൂടുകൂട്ടിയിരിക്കും. പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയ എത്രയെത്ര കഥാപാത്രങ്ങൾ അങ്ങനെ നാട്ടിലേക്കു പറന്നിട്ടുണ്ട്. 2001ൽ ഇറങ്ങിയ സത്യൻ അന്തിക്കാടിന്റെ 'നരേന്ദ്രൻ മകൻ ജയകാന്തൻ വക" എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസൻ എഴുതിയത് യു.എ.ഇയിലെ അജ്മാനിൽ ആയിരുന്നു.

അറബിക്കഥയുടെ ഷൂട്ടിംഗിന് വന്നപ്പോൾ വലിയൊരു സസ്‌പെൻസ് ശ്രീനിവാസൻ ഒളിച്ചുവച്ചു. അതിലഭിനയിച്ച അബ്ദുല്ലക്കയാണ് രാവിലെ വെങ്ങരയോട് ഇക്കാര്യം രഹസ്യമായി സൂചിപ്പിച്ചത്. വെങ്ങരയ്ക്ക് ഒരു പ്രധാന സീൻ ഇന്നുണ്ടെന്ന് ശ്രീനിവാസൻ ആരോടോ പറയുന്നത് അബ്ദുല്ലക്ക കേട്ടിരുന്നു. ഷൂട്ടിംഗിന് കുറച്ചുമുൻപ് ശ്രീനിവാസൻ വിളിച്ച് നാടകത്തിലും മറ്റും അതുവരെ ചെയ്ത വേഷങ്ങളെക്കുറിച്ച് ചോദിച്ചു. എല്ലാം കേട്ടശേഷം അൽപ്പസമയം ആലോചിച്ചു നിന്നു. പിന്നെ, പേനയും കടലാസുമെടുത്ത് ഡയലോഗുകളും മറ്റു കാര്യങ്ങളും അഞ്ചുമിനിറ്റിനകം എഴുതി വെങ്ങരയ്‌ക്കു നൽകി. ഗൾഫുകാരന്റെ നിസ്സഹായത ബോദ്ധ്യപ്പെടുത്തുന്ന ആ ഡയലോഗും സീനും ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. 'ഇങ്ങള് രണ്ടാളും കൈ കഴുകിക്കോ, ഞാൻ പ്ലേറ്റ് എടുത്തുവരാം" എന്നു പറഞ്ഞു തുടങ്ങുന്ന പൂക്കുഞ്ഞിക്കയെ ആണ് വെങ്ങര അവതരിപ്പിച്ചത്. പിറ്റേന്നു മകളുടെ കല്യാണമായിട്ടും നാട്ടിൽ പോകാതിരിക്കുന്ന ബാപ്പ. ങ്ങള് നാട്ടിൽ പോണില്ലേ എന്നു ക്യൂബ മുകുന്ദൻ ചോദിച്ചപ്പോൾ, നിക്കാഹിനു വേണ്ടതു പൊന്നും പണവുമല്ലേയെന്നും അത് അവിടെ എത്തിയിട്ടുണ്ടെന്നും മറുപടി. എന്റെ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ കാശുകൊണ്ട് മൂന്നു പവൻ വാങ്ങിക്കൂടേ. പക്ഷേ, ഇന്നലെ രാത്രി മോൾ വിളിച്ച് ബാപ്പാ വരില്ലേ എന്നു ചോദിച്ചപ്പോൾ, ഞാൻ പൊട്ടിക്കരഞ്ഞുപോയെന്നു പറഞ്ഞു കരയുന്ന ബാപ്പയെ അവതരിപ്പിച്ച വെങ്ങരയെ കെട്ടിപ്പിടിച്ച് ശ്രീനിവാസൻ വിതുമ്പുകയായിരുന്നു. അത് അഭിനയമായിരുന്നില്ല.