കേരളത്തിലെ നെൽപാടങ്ങളിൽ പതിയിരിക്കുന്ന ഭീഷണി; വിളയെ കാര്യമായി ബാധിക്കും, പരിശോധനയിൽ കണ്ടെത്തിയത്?

Monday 22 December 2025 11:42 AM IST

കുട്ടനാട്: കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ നെൽവയലുകളിൽ അപകടകരമായ അളവിൽ ഉയർന്ന അലൂമിനിയം സാന്ദ്രതയെന്ന് കണ്ടെത്തൽ. ഇത് വിളകളുടെ ആരോഗ്യത്തിനും ഉൽപാദനക്ഷമതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും 12 നെൽവയലുകളിൽ നിന്നും സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വൈറ്റിലയിലെ നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ അലൂമിനിയത്തിന്റെ അളവ് 77.51 പാർട്സ് പെർ മില്യൺ (പിപിഎം) മുതൽ 334.10 പിപിഎം വരെയാണെന്ന് കണ്ടെത്തി. നെൽകൃഷിക്ക് ഒരു കിലോ മണ്ണിൽ അനുവദനീയമായ രണ്ട് പിപിഎം അല്ലെങ്കിൽ രണ്ട് മില്ലിഗ്രാം എന്നതിനേക്കാൾ ഏകദേശം 39 മുതൽ 165 മടങ്ങ് കൂടുതലാണ് ഇത്.

'മണ്ണിന്റെ പിഎച്ച് അഞ്ചിൽ താഴെയാകുമ്പോൾ അലൂമിനിയം എളുപ്പത്തിൽ അതിലേക്ക് ലയിക്കും. ഇത് മണ്ണ് കൂടുതൽ വിഷലിപ്തമാകുന്നതിന് കാരണമാകുന്നു. അമിതമായ അലൂമിനിയം സസ്യങ്ങളുടെ വേരുകളെ നശിപ്പിക്കുകയും ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണം ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യും. ഉയർന്ന അമ്ലത്വം ഉള്ള മണ്ണിൽ, അലൂമിനിയത്തോടൊപ്പം ഇരുമ്പും സസ്യങ്ങൾക്ക് ദോഷകരമായ അളവിൽ അടങ്ങിയിട്ടുണ്ട്'- കെസിപിഎം ഡയറക്ടർ സ്‌മിത ബി പറഞ്ഞു.

മണ്ണിന്റെ അമ്ലത്വം കുറയ്‌ക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 'മണ്ണിന്റെ അമ്ലത്വം കുറയുകയും പിഎച്ച് 5.5 ന് മുകളിൽ ഉയരുകയും ചെയ്‌താൽ മണ്ണിൽ അലൂമിനിയവും ഇരുമ്പും ലയിക്കുന്നത് തടയാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുമ്മായം, ഡോളമൈറ്റ്, കാൽസ്യം സിലിക്കേറ്റ് എന്നിവയുടെ പ്രയോഗത്തിലൂടെ മണ്ണിന്റെ അമ്ലത്വം കുറയ്‌ക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അലൂമിനിയം മലിനീകരണം ഗുരുതരമായ പാരിസ്ഥിതിക അസന്തുലിതാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മണ്ണിന്റെ ഉൽപാദനക്ഷമത കുറയുന്നത് ചെറുകിട കർഷകരുടെ ഉപജീവനമാർഗ്ഗത്തിന് നേരിട്ട് ഭീഷണിയാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'കുട്ടനാട് മേഖലയിലെ അലുമിനിയം മലിനീകരണത്തിന്റെ വ്യാപ്തി ശാസ്ത്രീയമായി വിലയിരുത്തുന്നതിനും, മലിനീകരണത്തിന്റെ ഉറവിടങ്ങൾ തിരിച്ചറിയുന്നതിനും, മണ്ണ്, ജലം എന്നിവയുടെ പുനരുദ്ധാരണ നടപടികൾ ഉടനടി നടപ്പിലാക്കുന്നതിനും സർക്കാർ അടിയന്തിരമായി ഇടപെടണം'- അദ്ദേഹം പറഞ്ഞു.