മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്ക് ലഭിക്കുക ഒന്നര കോടിയുടെ ഫ്ളാറ്റ്; വമ്പൻ പ്രഖ്യാപനവുമായി കമ്പനി

Monday 22 December 2025 12:04 PM IST

ബീജിംഗ്: എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം. ഈ പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് ചൈനയിലെ ഒരു കമ്പനിയിൽ നിന്നും കിട്ടുന്ന സമ്മാനങ്ങളെക്കുറിച്ചാണ് ഈ പറയുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കളായ സെജിയാംഗ് ഗുവോഷെംഗ് ഓട്ടോമോട്ടീവ് ടെക്‌നോളജിയാണ് ജീവനക്കാർക്ക് ആഡംബര ഫ്ലാറ്റുകളടക്കം വാഗ്ദാനം ചെയ്യുന്നത്.

മികച്ച പ്രതിഭകളെ കണ്ടെത്താനും അനുഭവസമ്പന്നരായ ജീവനക്കാരെ നിലനിർത്തുന്നതിനുമാണ് കമ്പനി വ്യത്യസ്തമായ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ആകെ 18 ഫ്ളാറ്റുകളാണ് ജീവനക്കാർക്ക് വിതരണം ചെയ്യുക. ഇതിനോടകം തന്നെ വിതരണം ചെയ്യാനുള്ള ഫ്ളാറ്റുകൾ കമ്പനി വാങ്ങി കഴിഞ്ഞു. 1.3 കോടി മുതൽ 1.5 കോടി രൂപ വരെ വിലമതിക്കുന്നതാണ് ഓരോ ഫ്ളാറ്റും. 1,076 മുതൽ 1,615 ചതുരശ്ര അടി വരെയാണ് ഇവയുടെ വിസ്തീർണ്ണം.

ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികൾക്ക് 1,550 ചതുരശ്ര അടിയുള്ള വലിയൊരു വീട് നേരത്തെ സമ്മാനമായി ലഭിച്ചിരുന്നു. കമ്പനിയിലെ സാങ്കേതിക വിദഗ്‌‌ദ്ധർക്കും മാനേജ്‌മെന്റ് തലത്തിലുള്ളവർക്കും സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ മാനേജർ പറഞ്ഞു. പുതുതായി ജോലിയൽ പ്രവേശിച്ച ബിരുദധാരികൾക്കായിട്ടാണ് ഈ പദ്ധതി പ്രധാനമായും നടപ്പിലാക്കുന്നത്.

ജീവനക്കാർ കഠിനാധ്വാനം ചെയ്താൽ വർഷംതോറും മില്യൺ കണക്കിന് രൂപയാണ് ലാഭമുണ്ടാക്കാൻ കഴിയുന്നതെന്ന് കമ്പനിയിലെ മാനേജർ പറയുന്നു. കമ്പനിയുടെ ഇൻഡസ്‌‌ട്രിയൽ ബേസിനു സമീപത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് ഫ്ളാറ്റുകൾ സ്ഥിതി ചെയ്യുന്നത്. ഫ്ളാറ്റുകൾ ലഭിക്കുന്നവർ കമ്പനിയുമായി കരാർ ഒപ്പിടണം. അഞ്ച് വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ മാത്രമേ ഫ്ളാറ്റിന്റെ സമ്പൂർണ ഉടമസ്ഥാവകാശം ജീവനക്കാർക്ക് ലഭിക്കുകയുള്ളു. പിന്നീട് ഫ്ളാറ്റുകളുടെ മെയിന്റനൻസ് ചാർജ് മാത്രം ജീവനക്കാർ നൽകിയാൽ മതിയാകും.

2025ൽ മാത്രം അഞ്ച് ഫ്ളാറ്റുകളാണ് കമ്പനി വിതരണം ചെയ്തത്. താഴേത്തട്ടിൽ ജോലിയിൽ പ്രവേശിച്ച് കഷ്ടപ്പെട്ട് മാനേജ്‌മെന്റ് സ്ഥാനത്തെത്തിയവരും ഇതിൽ ഉൾപ്പെടുന്നു. 2024ൽ മാത്രം ഏകദേശം 70 മില്യൺ ഡോളറിന്റെ ഉൽപ്പന്ന മൂല്യമാണ് കമ്പനിക്കുണ്ടായത്.