'പത്ത് ലക്ഷം രൂപ ദേവസ്വം ബോർഡിന് കൈമാറി, അയ്യപ്പന് സ്വർണമാലയും'; തെളിവുകൾ നിരത്തി ഗോവർദ്ധൻ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ വെളിപ്പെടുത്തൽ. ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന 474 ഗ്രാം സ്വർണത്തിന് പകരമായി 9,99,995 രൂപ അഞ്ച് ഡിമാൻഡ് ഡ്രാഫ്റ്റുകളായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്ന് ബെല്ലാരിയിലെ റോഥം ജുവല്ലറി ഉടമ ഗോവർദ്ധൻ ഹൈക്കോടതിയിൽ വെളിപ്പെടുത്തി.
ദേവസ്വം ബോർഡിന്റെ അന്നദാന ട്രസ്റ്റിലേക്ക് ഈ തുക കൈമാറിയെന്നാണ് ഗോവർദ്ധൻ കോടതിയെ അറിയിച്ചത്. പണം നൽകിയതിന്റെ രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന് പുറമേ ശബരിമല അയ്യപ്പ സ്വാമിക്ക് ഏകദേശം 2,73,000 രൂപ വിലമതിക്കുന്ന ഒരു സ്വർണമാലയും താൻ നിർമിച്ച് നൽകിയിട്ടുണ്ടെന്ന് ഗോവർദ്ധൻ പറഞ്ഞു. ഈ മാലയ്ക്കായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ 43,000 രൂപ മുടക്കി ഇൻഷുറൻസ് എടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്നും ഗോവർദ്ധൻ കോടതിയിൽ അറിയിച്ചു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തന്റെ കൈവശമുണ്ടായിരുന്ന 474 ഗ്രാം സ്വർണം റിക്കവറി ചെയ്തുവെന്നും ഇതിന് ഏകദേശം 59 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഗോവർദ്ധൻ വാദിച്ചു. സ്വർണത്തിന് പകരമുള്ള പണം ദേവസ്വത്തിന് നൽകിയ സാഹചര്യത്തിൽ വീണ്ടും സ്വർണം പിടിച്ചെടുത്തതിലൂടെ തനിക്ക് ഇരട്ടി നഷ്ടം സംഭവിച്ചുവെന്നും ഇയാൾ കോടതിയെ അറിയിച്ചു.
2009 കാലഘട്ടം മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമുണ്ട്. കന്നഡയും ഇംഗ്ലീഷും മാത്രം അറിയാമായിരുന്ന തനിക്ക് പടിപൂജ ബുക്ക് ചെയ്യാൻ പോറ്റി സഹായിച്ചതോടെയാണ് സൗഹൃദം ആരംഭിച്ചത്. തുടർന്ന് പോറ്റിയുടെ നിർദേശപ്രകാരം ശബരിമല ശ്രീകോവിലിന്റെ വാതിൽ നിർമാണത്തിന് പണം മുടക്കിയത് താനാണെന്നും ഗോവർദ്ധൻ പറഞ്ഞു.
തേക്ക് തടിയിൽ ചെമ്പ് പാളികൾ പതിച്ച് അതിൽ സ്വർണം പൂശുന്നതിനുള്ള ചെലവുകൾ താനാണ് വഹിച്ചത്. പിന്നീട് കട്ടളപ്പാളിയും ദ്വാരപാലക ശിൽപ്പങ്ങളും സ്വർണം പൂശുന്നതിലും സ്പോൺസർ ആകാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയതിന്റെയും പടിപൂജ ബുക്ക് ചെയ്തതിന്റെയും രേഖകൾ സഹിതമാണ് ഗോവർദ്ധൻ ഇപ്പോൾ ഹൈക്കോടതിയിൽ ഈ വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.