ആര്യയ്ക്കും സച്ചിനും വീണ്ടും കുരുക്ക്; കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തിൽ നോട്ടീസ്

Monday 22 December 2025 12:30 PM IST

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ആര്യയെയും സച്ചിനെയും ഒഴിവാക്കിയ കു​റ്റപത്രത്തിനെതിനെതിരായ ഹർജിയിലാണ് നോട്ടീസ്. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയുള്ള കു​റ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ഇത് റദ്ദാക്കണമെന്നാണ് യദുവിന്റെ ആവശ്യം. തനിക്കൊപ്പമുണ്ടായിരുന്ന കണ്ടക്ടറെയും പ്രതിചേർക്കണമെന്ന ആവശ്യവും യദു ഉന്നയിക്കുന്നുണ്ട്.

2024 ഏപ്രിലിൽ പാളയത്ത് വച്ചാണ് ആര്യയും സച്ചിനും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടഞ്ഞത്. തുടർന്ന്‌ ആര്യയും യദുവും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായി. പ്ലാമൂട് വച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രെെവ‌ർ അശ്ലീല ആംഗ്യം കാണിച്ചെന്നായിരുന്നു മുൻ മേയറുടെ ആരോപണം.

ആര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തിയെന്ന് കാണിച്ച് യദു പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ കേസെടുത്തില്ല. പിന്നീട് യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.

കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ച് കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും മേയർക്കെതിരെ ചുമത്തണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആര്യയെയും ഭർത്താവിനെയും ആര്യയുടെ ബന്ധുവായ സത്രീയേയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് കുറ്റപത്രം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറയാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.