രാഹുൽ ഈശ്വർ വീണ്ടും ജയിലിൽ, തടവുപുള്ളിയായിട്ടല്ല; ഒപ്പം മുകേഷ് എം നായരും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ ദിവസങ്ങൾക്ക് മുമ്പാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്. ഇപ്പോഴിതാ വീണ്ടും പൂജപ്പുര ജയിലിൽ എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. എന്നാൽ തടവുപുള്ളിയായിട്ടല്ലെന്ന് മാത്രം.
രാഹുലിനൊപ്പം വ്‌ളോഗർ മുകേഷ് എം നായരും ഉണ്ടായിരുന്നു. തടവുപുള്ളികൾക്ക് നക്ഷത്രം അടക്കമുള്ള ക്രിസ്മസ് സമ്മാനങ്ങളുമായിട്ടാണ് ഇരുവരും എത്തിയത്. ജയിലിന് മുന്നിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. താൻ കിടന്ന സെല്ലിലുണ്ടായിരുന്നവർക്ക് ക്രിസ്മസ് തൊപ്പിയടക്കം വാങ്ങിച്ചാണ് എത്തിയതെന്ന് രാഹുൽ പറയുന്നുണ്ട്. എന്നാൽ സമ്മാനങ്ങൾ കൈമാറാൻ ഇവരെ ജയിൽ അധികൃതർ സമ്മതിച്ചില്ല.
ഇത്തരം സമ്മാനങ്ങൾ നൽകുന്നതിന് നിയമപരമായി പ്രശ്നങ്ങളില്ലെന്നും എന്തുകൊണ്ടാണ് സമ്മാനങ്ങൾ കൊടുക്കാൻ സമ്മതിക്കാത്തതെന്ന് അറിയില്ലെന്നും രാഹുൽ പറഞ്ഞു. ജാമ്യത്തിലിറങ്ങുമ്പോൾ സെല്ലിലുണ്ടായിരുന്ന രണ്ടുപേർ ക്രിസ്മസ് സ്റ്റാറും മറ്റും വാങ്ങിത്തരാമോയെന്ന് ചോദിച്ചിരുന്നു. ഉറപ്പായിട്ടും തരാമെന്ന് പറഞ്ഞതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അഭിഭാഷകരോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുമെന്നും ഈ സമ്മാനങ്ങൾ അവരിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ജയിലിനുള്ളിൽ നിരപരാധികളും പാവപ്പെട്ടവരുമെല്ലാം ഉണ്ട്. അവർക്കും ജീവിതം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ ജയിൽ അധികൃതരോട് അഭ്യർത്ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വീഡിയോയ്ക്ക് താഴെ ചിലർ വിമർശനങ്ങളുമായെത്തി. സമ്മാനങ്ങളുമായി ചെല്ലാൻ അത് വൃദ്ധസദനമോ അനാഥാലയമോ ഒന്നുമല്ലല്ലോയെന്നാണ് ചിലർ ചോദിക്കുന്നത്.