കെട്ടിട നിർമ്മാണത്തിന് ഇനി സിമന്റിന്റെ ആവശ്യമില്ല; മാലിന്യത്തിൽ നിന്നും പുതിയ കണ്ടുപിടിത്തവുമായി ഗവേഷകർ

Monday 22 December 2025 12:57 PM IST

മെൽബൺ: ആധുനിക കാലത്തെ കെട്ടിടനിർമ്മാണത്തിലെ അടിസ്ഥാന ഘടകമാണ് സിമന്റ്. എന്നാൽ സിമന്റ് ഉപയോഗിക്കാതെ തന്നെ മണ്ണ്, വെളളം, പുനരുപയോഗിക്കാവുന്ന കാർഡ് ബോർഡ് എന്നിവ ഉപയോഗിച്ച് സിമന്റിന് സമാനമായൊരു നിർമ്മാണ സാമഗ്രി കണ്ടുപിടിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷക‌ർ.

ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള എഞ്ചിനിയറിംഗ് ലാബിലാണ് കണ്ടുപിടിത്തം നടന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ സിമന്റിന് സമാനമായ ശക്തി നൽകാൻ പുതിയ സാമഗ്രിക്ക് സാധിക്കുമെന്നാണ് കണ്ടെത്തൽ. ഓസ്‌ട്രേലിയയിലെ ആർ‌എം‌ഐ‌ടി സർവകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് കാർഡ്‌ബോർ-കൺഫൈൻഡ് റാമ്ഡ് എർത്ത് (സിസിആർഇ) എന്നറിയപ്പെടുന്ന ഈ വസ്തു നിർമ്മിച്ചിരിക്കുന്നത്.

പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഘടകങ്ങളിൽ പ്രധാനസ്ഥാനമാണ് സിമന്റിനുള്ളത്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺഡൈ ഓക്‌സൈഡിൽ എട്ട് ശതമാനവും സിമന്റിൽ നിന്നാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് കുമിഞ്ഞു കൂടുന്ന കോൺക്രീറ്റ് അവശിഷ്‌ടങ്ങൾ. സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾ പുതുക്കി പണിയുമ്പോഴോ പൊളിച്ച് പണിയുമ്പോഴോ ഉണ്ടാകുന്ന അവശിഷ്‌ടങ്ങൾ സംസ്‌കരിക്കാൻ കഴിയാറില്ല. കൂടാതെ സിമന്റ് നിർമ്മാണത്തിന് ആവശ്യമായ ചുണ്ണാമ്പ്കല്ല് ലഭിക്കുന്നതിനായി വലിയ രീതിയിൽ മലകൾ ഇടിക്കേണ്ടി വരുന്നു. ഇതും പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നു. ഈ പ്രശ്‌നങ്ങൾക്കെല്ലാമുള്ള പരിഹാരമാണ് പുതിയ കണ്ടുപിടിത്തം.

പുരാതനമായ റാംഡ്- എർത്ത് വിദ്യ പരിഷ്‌കരിച്ചാണ് ഗവേഷകർ സിസിആർസി എന്ന പുതിയ രീതി വികസിപ്പിച്ചത്. സിമന്റ് സ്റ്റെബിലൈസറുകൾക്ക് പകരം റീസൈക്കിൾ ചെയ്‌ത കാർഡ് ബോർഡ് ട്യൂബാണ് ഉപയോഗിക്കുന്നത്. ഇവ നല്ല ബലം നൽകുന്നു. ഇവയിലേക്ക് മണ്ണും വെള്ളവും മറ്റ് ഘടകങ്ങളും സംയോജിപ്പിച്ചാണ് പുതിയ സാമഗ്രി നിർമ്മിക്കുന്നത്. ഇവ ഉണങ്ങി കഴിഞ്ഞാൽ നല്ല ഉറപ്പുള്ളതായി മാറുന്നു.