ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ ജീവന് ഭീഷണി, സംഭവം കൊല്ലത്ത്

Monday 22 December 2025 1:37 PM IST

എഴുകോൺ : എഴുകോൺ റെയിൽവേ സ്റ്റേഷന് മുന്നിലെ കൂറ്റൻ മരത്തിന്റെ വൻ ശിഖരങ്ങൾ ഏത് നിമിഷവും ഒടിഞ്ഞു വീഴാവുന്ന നിലയിൽ. ദേശീയ പാതയിലേക്ക് പടർന്ന് പന്തലിച്ച് നിൽക്കുന്ന ശിഖരങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്.

ശിഖരങ്ങൾ പലതും ഉണങ്ങിയ നിലയിലാണ്. പൂർണ്ണമായും റോഡിന് കുറുകെ നിൽക്കുന്നവയാണ് വീഴാറായി നിൽക്കുന്ന ശിഖരങ്ങൾ. ദേശീയപാതയിലെ യാത്രികരുടെ ജീവന് തന്നെ ഭീഷണിയായാണ് മരത്തിന്റെ നിൽപ്പ്. ഈ മരം അടിയന്തര പ്രാധാന്യത്തോടെ മുറിച്ചു മാറ്റാൻ മുൻപ് റെയിൽവേ തീരുമാനിച്ചിരുന്നു.പരിസരത്ത് അപകടാവസ്ഥയിലായിരുന്ന മറ്റു മരങ്ങളൊക്കെ നാളുകൾക്ക് മുൻപ് മുറിച്ചു മാറ്റിയിരുന്നു. എന്നാൽ ഏറ്റവും അപകടാവസ്ഥയിലായിരുന്ന റെയിൽവേ സ്റ്റേഷൻ കവാടത്തിൽ തന്നെയുള്ള മരം മുറിച്ചിരുന്നില്ല. ഇതാണിപ്പോൾ കൂടുതൽ അപകടാവസ്ഥയിലായത്.

കഴിഞ്ഞ പേമാരിക്കാലത്ത് ഈ ഭാഗത്ത് റെയിൽവേ ഭൂമിയിലെ നിരവധി മരങ്ങൾ കടപുഴകിയിരുന്നു. വൈദ്യുതി ലൈനുകളും തൂണുകളും തകർന്നതടക്കം ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണുണ്ടായത്.