അരിയും ആട്ടയും വെളിച്ചെണ്ണയുമടക്കം 13 സാധനങ്ങൾ 50 ശതമാനം വിലക്കുറവിൽ, ഇന്നുമുതൽ വാങ്ങാം
കൽപ്പറ്റ: അവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാൻ കൺസ്യൂമർഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണികൾ ഇന്ന് ആരംഭിക്കും. മാനന്തവാടി, പുൽപ്പള്ളി ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും വിപണി ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ വിപണിയിൽ സബ്സിഡിയോടെ ലഭിക്കും. മറ്റ് സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും. ജനുവരി ഒന്ന് വരെയാണ് ചന്ത പ്രവർത്തിക്കുക.
ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണ വിപണികളിലൂടെ ലഭ്യമാക്കും. ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ പ്രത്യേക വിലക്കുറവിൽ ലഭിക്കും.
നോൺ സബ്സിഡി ഇനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാൻഡഡ് ഉത്പന്നങ്ങൾ ഓഫർ വിലകളിൽ ലഭ്യമാകും. കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലെത്തിക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ എന്നിവയ്ക്കും പ്രത്യേകം വിലക്കുറവ് ഉറപ്പാക്കും. ക്രിസ്മസ്-പുതുവത്സര കേക്കുകൾ വിലക്കുറവിൽ ലഭിക്കുമെന്നും മേഖലാ മാനേജർ പി.കെ. അനിൽകുമാർ അറിയിച്ചു. ദിവസം 50 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ വിപണികളിൽ നിന്നും ലഭ്യമാകുക.
വിപണികളിൽ തിരക്ക് ഒഴിവാക്കാൻ കൂപ്പൺ നൽകും. റേഷൻ കാർഡ് മഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് പരിസരത്ത് നടക്കുന്ന വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാർ സി.കെ ശശീന്ദ്രൻ നിർവഹിക്കും. കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് പരിസരത്ത് നടക്കുന്ന വിപണന മേളയിൽ കൺസ്യൂമർഫെഡ് ഡയറക്ടർമാരായ ഗോകുൽദാസ് കോട്ടയിൽ, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും.