'ഇനി ഒരടി കൂടി മുന്നോട്ടു വച്ചാൽ നിന്റെയൊക്കെ പല്ല് അടിച്ചു തെറിപ്പിക്കും' ശല്യം ചെയ്ത യുവാക്കളോട് റഷ്യൻ യുവതി; വീഡിയോ
ന്യൂഡൽഹി: ഇന്ത്യയിൽ അർദ്ധരാത്രിയിൽ സ്ത്രീകൾക്ക് ഇറങ്ങി നടക്കാൻ സുരക്ഷിതമായ സ്ഥലങ്ങൾ കുറവാണ്. രാത്രി ഒമ്പത് മണിയോ പത്ത് മണിയോ വരെ ഒറ്റയ്ക്ക് നടക്കാൻ കഴിയുമെങ്കിലും അതിനുശേഷം ഇറങ്ങി നടക്കണമെങ്കിൽ മുൻകരുതലുകൾ ആവശ്യമുണ്ട്. എന്നാൽ മിക്ക സ്ഥലങ്ങളിലും അത്തരം മുൻകരുതലുകൾ വേണ്ടി വരില്ല. പല സ്ഥലങ്ങളിലും രാത്രിയിൽ മനുഷ്യരേക്കാൾ കൂടുതൽ തെരുവ് നായ്ക്കളാണ്. എന്നാൽ തെരുവ് നായ്ക്കളെക്കാൾ അപകടകാരികളാണ് ചില മനുഷ്യർ. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ പരിശോധിച്ചാൽ അതിന് ഉദാഹരണങ്ങളായി ഒട്ടേറെ സംഭവങ്ങളുണ്ട്.
ഇപ്പോഴിതാ മദ്യപിച്ചെത്തിയ യുവാക്കളിൽ നിന്ന് വിദേശ വനിതകൾ ഇന്ത്യയിലെ ഒരു പൊതുസ്ഥലത്ത് നിന്നും നേരിട്ട മോശം അനുഭവത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 23കാരിയായ റഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഓക്സാനയ്ക്കും ഒപ്പമുണ്ടായിരുന്ന തന്റെ തായി സുഹൃത്തിനുമാണ് ദുരനുഭവം ഉണ്ടായത്.
ഇരുവരും ഒരുമിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലേക്കാണ് ഒരു സംഘം യുവാക്കൾ കടന്നുവന്നത്. മദ്യപിച്ചെത്തിയ ഇവർ യുവതികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സമ്മതമില്ലാതെ അവരെ കെട്ടിപ്പിടിക്കാനും നിർബന്ധിച്ച് സെൽഫി എടുക്കാനും യുവാക്കൾ ശ്രമിച്ചു. ഓക്സാന അവിടെനിന്നും മാറിയെങ്കിലും സുഹൃത്തായ യുവതി യുവാക്കൾക്കിടയിൽ പെട്ടുപോയി. ഇതോടെ റഷ്യൻ യുവതി ക്ഷമ കെട്ട് പ്രതികരിച്ചു. തന്റെ സുഹൃത്തിനെചേർത്തുപിടിച്ചുകൊണ്ട് കടുത്ത ഭാഷയിലാണ് ഓക്സാന യുവാക്കളോട് സംസാരിച്ചത്.
'എന്തിനാ അവളെ തൊടുന്നത്? ഇനി ഒരടി കൂടി മുന്നോട്ടു വച്ചാൽ നിന്റെയൊക്കെ പല്ല് അടിച്ചു തെറിപ്പിക്കും കേട്ടോടാ?' എന്ന് ആക്രോശിച്ചുകൊണ്ടാണ് ഓക്സാന പ്രതികരിച്ചത്. ശേഷം സുഹൃത്തിനെ യുവാക്കൾക്കിടയിൽ നിന്നും മാറ്റി കൊണ്ടുപോയി. 'ചില മദ്യപാനികൾ ഇങ്ങനെയാണ്' എന്ന അടിക്കുറിപ്പോടെയാണ് ഓക്സാന വീഡിയോ പങ്കുവച്ചത്. സ്ഥലം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സംഭവം ഇതിനോടകം വലിയ ചർച്ചയായി.
ഇൻസ്റ്റാഗ്രാമിൽ രണ്ട് മില്യണിലധികം ഫോളോവേഴ്സുള്ള ഓക്സാന പങ്കുവച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു. വീഡിയോ വൈറലായതോടെ നിരവധിപേർ റഷ്യൻ യുവതിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. യുവാക്കളുടെ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. യുവതി സ്ഥലം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സംഭവം ചർച്ചകൾക്ക് വഴിമാറി.
വിദേശ വനിതകളോട് മോശമായി പെരുമാറുന്ന പ്രവണതകൾക്കെതിരെ കർശന നടപടിവേണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുവികാരം. മാത്രമല്ല ഇത്തരം സംഭവങ്ങൾ മറ്റു രാജ്യങ്ങളിലുള്ളവർ ഇന്ത്യയെ മോശമായ രീതിയിൽ വ്യാഖ്യാനിക്കുന്നതിന് കാരണമാകുമെന്നും നിരവധി പേർ പ്രതികരിച്ചു.