പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ
കൊച്ചി: മുൻ എംഎൽഎ പി വി അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസും സി കെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും വിഷ്ണുപുരം ചന്ദ്രശേഖരൻ നയിക്കുന്ന കേരള കാമരാജ് കോൺഗ്രസും യുഡിഎഫിൽ. മൂന്ന് കക്ഷികളെയും യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നുനടന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലായിരുന്നു തീരുമാനം.
ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും കേരള കാമരാജ് കോൺഗ്രസും നിലവിൽ എൻഡിഎയുടെ ഘടകകക്ഷികളാണ്. ഇരുപാർട്ടികളും യുഡിഎഫിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നും രേഖാമൂലമുള്ള അഭ്യർത്ഥനയിൽ ചർച്ച നടന്നതിനുശേഷമാണ് പാർട്ടി തീരുമാനമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഘടകകക്ഷികൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ച വൈകാതെ ആരംഭിക്കും. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ധാരണയായി. അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായോ ബിജെപിയുമായോ പ്രാദേശിക സർക്കാർ ഉണ്ടാക്കാൻ ഒരു ഉടമ്പടിയും പാടില്ലെന്നും യോഗത്തിൽ തീരുമാനമായതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.
അതേസമയം, യുഡിഎഫിലേക്കില്ലെന്ന് വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ. നിലവിൽ എൻഡിഎ വൈസ് ചെയർമാനാണ്. തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചു. യുഡിഎഫ് പ്രവേശനം ചർച്ചയായി എന്നത് നിഷേധിക്കുന്നു. വിഷ്ണുപുരം ചന്ദ്രശേഖരനെ യുഡിഎഫിൽ എടുക്കണമെന്ന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് പുറത്തുവിടണം. എൻഡിഎയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഘടകകക്ഷികളെ വേണ്ടവിധം മാനിക്കാത്തതിൽ അതൃപ്തിയുണ്ട്. എന്നാലത് പരിഹരിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടുവെന്നാണ് സി കെ ജാനു പ്രതികരിച്ചത്. യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണിയാണ്. ആദിവാസികൾക്ക് നല്ലത് ചെയ്തത് യുഡിഎഫ് സർക്കാരുകളാണെന്നും ജാനു വ്യക്തമാക്കി.