ഷിബുവിന്റെ ഹൃദയവുമായി പറന്ന എയർ ആംബുലൻസ് എറണാകുളത്തെത്തി, ജനറൽ ആശുപത്രിയിൽ ഉടൻ ശസ്ത്രക്രിയ
കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ ഹൃദയവുമായി പറന്ന എയർ അംബുലൻസ് കൊച്ചിയിലെ ഹയാത്ത് ഗ്രൗണ്ടിൽ ലാൻഡ് ചെയ്തു. ഇവിടെ നിന്ന് ഡോക്ടർമാരടങ്ങുന്ന സംഘം ഹൃദയവുമായി ആംബുലൻസിൽ വെറും നാലുമിനിട്ടുകൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയത്. കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെയാണ് ആംബുലൻസ് വാഹനം കടന്നുപോയത്. ഇതിനുമുന്നോടിയായി തന്നെ റോഡ് പൂർണമായും സജീകരിച്ചിരുന്നു. പൊലീസ് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് ആംബുലൻസ് കടന്നുപോയത്. ഉടൻ തന്നെ ശസ്ത്രക്രിയ ആരംഭിക്കുമെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഹൃദയം വഹിച്ച എയർ ആംബുലൻസ് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് പറന്നുയർന്നത്. 11.40ന് തന്നെ എയർ ആംബുലൻസ് ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നീട് ശസ്ത്രക്രിയക്കുശേഷം 'ഹൃദയം' കൊ സോട്ടയുടെ വാഹനത്തിൽ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. നേപ്പാൾ സ്വദേശിനി ദുർഗയിലാണ് ഷിബുവിന്റെ ഹൃദയം തുന്നിച്ചേർക്കുന്നത്.
ഹൃദയത്തിനുപുറമെ ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവയും ദാനം ചെയ്യുന്നുണ്ട്. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവച്ചു. ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ചുവയ്ക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുന്‍പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയിൽ ഇത് ആദ്യമായാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ, എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറിയിരുന്നു.
ശസ്ത്രക്രിയ നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൂപ്രണ്ട് ഡോ. ഷഹിര്‍ഷാ അറിയിച്ചു.കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറൽ ആശുപത്രിയിൽ ദുർഗ ചികിത്സയിലാണ്. ഹൃദയസംബന്ധമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന രോഗത്തിനടിമയാണ് യുവതി. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. സഹോദരൻ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്. നേപ്പാളിലെ അനാഥാലയത്തിൽ പഠിച്ചു വളർന്ന ദുർഗയ്ക്ക് ഇതിന്റെ നടത്തിപ്പുകാരനായ മലയാളിയാണ് കേരളത്തിലെ ചികിത്സയെക്കുറിച്ച് പറയുന്നത്.