മലപ്പുറത്ത് അസാമാന്യ വലിപ്പത്തിൽ അപൂർവയിനം നന്നങ്ങാടി കണ്ടെത്തി; ഉള്ള് പരിശോധിച്ചപ്പോൾ കണ്ടത്

Monday 22 December 2025 3:58 PM IST

മലപ്പുറം: കവുങ്ങിന് കുഴിയെടുത്തപ്പോൾ കണ്ടെത്തിയത് അപൂർവയിനം നന്നങ്ങാടി. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം. ചിയ്യാനൂരിൽ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേർന്നുള്ള പ്രദേശത്താണ് പുരാവസ്തു കണ്ടെത്തിയത്. അസാമാന്യ വലിപ്പമുള്ള രണ്ട് കുടങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വച്ചിരിക്കുന്ന രീതിയിലുള്ള നന്നങ്ങാടിയാണ് കണ്ടെത്തിയത്. നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നാണ് നിഗമനം.

പണ്ടുകാലങ്ങളിൽ ധാന്യങ്ങൾ സൂക്ഷിക്കുന്നതിനും ശവസംസ്‌കാരച്ചടങ്ങുകളിലുമാണ് നന്നങ്ങാടി ഉപയോഗിച്ചിരുന്നത്. മരിച്ചവരുടെ അസ്ഥികൾ മണ്ണിൽ മറവുചെയ്ത് സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നു. സാധാരണ കണ്ടുവരുന്ന നന്നങ്ങാടിയുടേതിനേക്കാൾ വ്യത്യാസം വക്കിലും ഉടലിനും അടിഭാഗത്തിനുമുണ്ട്. വളരെ വ്യത്യസ്തമായ അലങ്കാരപ്പണികളും ഇതിലുണ്ട്. ചതുരക്കള്ളികളുടെ വളരെ അപൂർവമായ ഡിസൈനും കാണാം. നന്നങ്ങാടിയുടെ അടിഭാഗത്തുള്ള മൊട്ടുപോലുള്ള നിർമിതിയും അപൂർവമാണ്. പരന്ന മൂടിക്കല്ലിനുപകരം ഉരുണ്ട കല്ലാണ് ഇതിലുള്ളത്. പരിശോധനയിൽ മണ്ണ് മാത്രമാണ് നന്നങ്ങാടിയുടെ അകത്ത് കാണാനായത്. പ്രദേശത്തുനിന്ന് നേരത്തെയും നന്നങ്ങാടികൾ ലഭിച്ചിട്ടുള്ളതായി നാട്ടുകാർ പറയുന്നു.