'വിസിറ്റിംഗ് കാർഡ്' നോവൽ പ്രകാശനം

Monday 22 December 2025 4:47 PM IST
വി. വേണുഗോപാൽ എഴുതിയ വിസിറ്റിംഗ് കാർഡ് എന്ന നോവലിന്റെ പ്രകാശനം ഇൻസ ട്രഷറർ അനന്തനാരായണന് കോപ്പി​ നൽകി​ ജസ്റ്റിസ് കെ. സുകുമാരൻ നി​ർവഹി​ക്കുന്നു. ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ, അഡ്വ.എ.ജയശങ്കർ തുടങ്ങി​യവർ സമീപം

കൊച്ചി: പിന്നിട്ട ഒരു കാലഘട്ടത്തെ അന്നത്തെ ഭാഷയും ശൈലിയും ഉപയോഗിച്ച് രചന നിർവഹിക്കുന്ന അസാധാരണമായ കഴിവുള്ള എഴുത്തുകാരനാണ് വി. വേണുഗോപാലെന്ന് ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. വേണുഗോപാൽ എഴുതിയ വിസിറ്റിംഗ് കാർഡ് എന്ന നോവലിന്റെ പ്രകാശന ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ കാലത്തെ ജാതിവിവേചനങ്ങളും മാടമ്പിവാഴ്ചയുടെ ഭീകരതയും തന്റെ രചനകളിൽ പ്രതിഫലിപ്പിക്കാനായിട്ടുണ്ടെന്നും പുതിയ കാലത്തെ എഴുത്തുകാർക്ക് അനുവർത്തിക്കാവുന്ന ശൈലിയാണ് വേണുഗോപാലിന്റേതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) മുഖ്യരക്ഷാധികാരിയും നവനീതം മാഗസിൻ ചീഫ് എഡിറ്ററുമായ ഡോ. ജസ്റ്റിസ് കെ. സുകുമാരൻ നോവൽ പ്രകാശിപ്പിച്ചു. ഇൻസ ട്രഷറർ അനന്തനാരായണൻ ആദ്യകോപ്പി ഏറ്റുവാങ്ങി. പ്രകാശനചടങ്ങ് കേരള മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.

ഇൻസ പ്രസിഡന്റ് ഡോ.പി.കെ. ജയകുമാരി അദ്ധ്യക്ഷയായി. അഡ്വ.എ.ജയശങ്കർ, ഉപഭോക്തൃ കോടതി മുൻ ജഡ്ജി ഡോ .കെ. രാധാകൃഷ്ണൻനായർ, റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, റിട്ട. ഡിവൈ.എസ്.പിയും ഇൻസ പ്രോഗ്രാം കോ ഓർഡിനേറ്ററും നോവൽ രചയിതാവുമായ വേണുഗോപാൽ, ഇൻസ സെക്രട്ടറി ജനറൽ സത്യശീലൻ കാർത്തികപ്പള്ളി, സുകുമാർ അരീക്കുഴ തുടങ്ങിയവർ സംസാരിച്ചു.