മാവേലിക്കരയിൽ ശസ്ത്രക്രിയയ്‌ക്കിടെ  യുവതി  മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ

Monday 22 December 2025 5:25 PM IST

ആലപ്പുഴ: മാവേലിക്കര വിഎസ്‌എം ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് മാറ്റുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് മരണം. പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. കുടുംബം പൊലീസിൽ പരാതിയും നൽകി. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

അതേസമയം,​ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കീഹോൾ ശസ്ത്രക്രിയയ്ക്കാണ് ബന്ധുക്കൾ ഒപ്പിട്ട് നൽകിയത്. ശസ്ത്രക്രിയ തുടങ്ങിയതിന് പിന്നാലെ രക്തക്കുഴലിൽ രക്തസ്രാവമുണ്ടായി. തുട‌ർന്ന് ഓപ്പൺ സർജറിക്ക് വിധേയയാക്കി. ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയതിനുശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്‌ടർമാർ അറിയിച്ചു.