ക്രിസ്തുമസ് - പുതുവത്സരാഘോഷം; ലഹരി പരിശോധന കർശനമാക്കും, പുതിയ നടപടികളുമായി എക്‌സൈസ്
തിരുവനന്തപുരം: ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിൽ ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി പരിശോധന ശക്തമാക്കും. എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ജനകീയ സമിതി അവലോകന യോഗത്തിലായിരുന്നു തീരുമാനം.
ഉത്സവകാലത്തെ മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിനായി ജനുവരി അഞ്ചുവരെയാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകൾക്ക് പുറമെ വിനോദസഞ്ചാര മേഖലയിലും സ്‌കൂൾ പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു. 04712473149 നമ്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് പൊതുജനങ്ങൾക്ക് ലഹരി സംബന്ധമായ വിവരങ്ങൾ അറിയിക്കാം.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. പൊലീസിന് പുറമെ ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്ന് മെഡിക്കൽ സ്‌റ്റോറുകളിലും റെയിൽവേ പൊലീസിന്റെ സഹകരണത്തോടെ സ്‌റ്റേഷൻ പരിസരങ്ങളിലും പരിശോധന നടത്തും. വനാതിർത്തികളിൽ വനം വകുപ്പും തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും പരിശോധന വ്യാപിപ്പിക്കും. അന്യ സംസ്ഥാനത്ത് നിന്നുള്ള ലഹരി കടത്ത് തടയുന്നതിനായി ബസുകളിലെ പരിശോധനയും ലേബർ ക്യാമ്പുകളിലെ പരിശോധനയും കർശനമാക്കും. ജാമ്യത്തിൽ കഴിയുന്ന പ്രതികളെ പ്രത്യേകം നിരീക്ഷിക്കും. ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഷിബു, മറ്റു വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.