ചരിത്രം പിറന്നു....നേട്ടത്തിന്റെ നെറുകയിൽ ജനറൽ ആശുപത്രി
അണുവിട തെറ്റാത്ത മുന്നൊരുക്കം
കൊച്ചി: ഒരു വർഷത്തോളമായുള്ള കാത്തിരിപ്പിനൊടുവിൽ ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ രാജ്യത്തിന്റെ ശ്രദ്ധയിലേക്കുയർന്ന് ചരിത്രം കുറിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. ഞായറാഴ്ച രാത്രിയിൽ ഹൃദയത്തിന്റെ ലഭ്യത സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതുമുതൽ ആശുപത്രി സൂപ്രണ്ട് മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെ ഒരൊറ്റ മനസോടെ പ്രയത്‌നിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുള്ള ടീമിനെ സജ്ജമാക്കി. തിരുവനന്തപുരത്തേക്ക് തിരിക്കേണ്ട ടീമിനെ നിശ്ചയിച്ചു. ആംബുലൻസ് ഡ്രൈവർമാരെ സജ്ജമാക്കി. ആശുപത്രിയിൽ ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം നടത്തി.
ഇന്നലെ രാവിലെ മുതൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷഹീർഷായുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ നീണ്ടനിരയുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് പിരിമുറുക്കം. രാവിലെ 10ന് തിരുവനന്തപുരത്ത് ശസ്ത്രക്രിയകൾ ആരംഭിക്കുമെന്നും 12ഓടെ ഹൃദയം ജനറൽ ആശുപത്രിയിലെത്തുമെന്നുമായിരുന്നു അറിയിപ്പ്. ഹെലികോപ്ടർ തിരുവനന്തപുരത്ത് നിന്നുയർന്നപ്പോൾ ജനറൽ ആശുപത്രിയിൽ ദുർഗ കാമിയുടെ ശസ്ത്രക്രിയാ നടപടികൾ ആരംഭിച്ചു. ആശുപത്രിക്കുള്ളിലൂടെയുള്ള ഗതാഗതത്തിലുൾപ്പെടെ നിയന്ത്രങ്ങൾ ഏർപ്പെടുത്തി. മന്ത്രി പി.രാജീവ് നേരിട്ടെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി.
സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ ഡി.സി.പി അശ്വതി ജിജി, എ.സി.പി പി.രാജ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം സെൻട്രൽ എസ്.ഐ അനൂപ് ചാക്കോ ഗതാഗത മുന്നൊരുക്കത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു. ഹെലികോപ്ടർ എത്തുന്നതിനുമുന്നേ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും ഉൾപ്പടെയുള്ളവർ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലേക്ക്.
അതേസമയം, കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയവും വഹിച്ചുകൊണ്ട് എയർ ആംബുലൻസ് 2.55ന് ഹയാത്തിലിറങ്ങി. വെറും നാല് മിനിറ്റുകൊണ്ട് കൃത്യം 3ന് പൊലീസ് ഒരുക്കിയ ഗ്രീൻ കൊറിഡോറിലൂടെ ആറാം നമ്പർ ഗേറ്റുവഴി സൂപ്പർ സ്‌പെഷ്യാലിറ്റി ഗേറ്റിന് മുന്നിലേക്ക്. ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കിയതോടെ എറണാകുളം ജനറൽ ആശുപത്രിയുടെ പേര് രാജ്യത്തിന്റെ ആരോഗ്യ ചികിത്സാ സംവിധാനങ്ങളുടെ നെറുകയിൽ എഴുതിച്ചേർക്കപ്പെട്ടു.
സമാനതകളില്ലാത്ത മുന്നൊരുക്കം; പ്രഖ്യാപനം കേരളകൗമുദിയിലൂടെ
രാജ്യത്തെ ജനറൽ ആശുപത്രികളിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിലേക്കുള്ള ഖ്യാതിയിലേക്കെത്താൻ ജനറൽ ആശുപത്രി സ്വീകരിച്ച മുൻകരുതലുകൾ സമാനതകളില്ലാത്തതായിരുന്നു. 2023 നവംബറിൽ ചരിത്രത്തിലാദ്യമായി ഒരു ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിനോടനുബന്ധിച്ചാണ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സന്നദ്ധത ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷഷീർഷാ ആരോഗ്യവകുപ്പ് മന്ത്രിയെ അറിയിച്ചത്.
പിന്നാലെ പരിശോധനകളുടെ കടമ്പകൾ പൂർത്തീകരിച്ചു. ഒടുവിൽ 2025 ജൂലായ് 28ന് കേരളകൗമുദി പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവിലൂടെയാണ് മന്ത്രി വീണാ ജോർജ് എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുമെന്ന് പ്രഖ്യാപിച്ചത്.