സൗജന്യ നിയമ സഹായം നൽകി അഭിഭാഷക ദമ്പതികൾ

Tuesday 23 December 2025 2:58 AM IST

കൊച്ചി: ഡിസംബർ ആദ്യമാണ് ദുർഗ കാമിയുടെ ഹൃദയമാറ്റവുമായി ബന്ധപ്പെട്ട വിവരവും അതിലെ നിയമക്കുരുക്കും ഹൈക്കോടതി അഭിഭാഷകരായ അരുൺ അശോക് ഇയാനിയും ഭാര്യ നീന ജെയിംസും അറിയുന്നത്. ജനറൽ ആശുപത്രി ആർ.എം.ഒ ഡോ.അമീറ വഴി വിവരങ്ങളറിഞ്ഞ ഇരുവരും ആദ്യം സാധാരണ കേസുപോലെ സമീപിക്കാനാണ് ഒരുങ്ങിയത്. എന്നാൽ ആശുപത്രി അധികൃതരിൽ നിന്ന് കൂടുതൽ വിവരങ്ങളും ദുർഗയുടെ സാമ്പത്തിക ചുറ്റുപാടും അറിഞ്ഞതോടെ സൗജന്യമായി കേസെറ്റെടുക്കാൻ ഇരുവരും തയ്യാറായി.

ഡിസംബർ ആദ്യവാരം ജനറൽ ആശുപത്രിയിലെത്തിയാണ് ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള ഹർജിയിൽ ദുർഗയെക്കൊണ്ട് ഒപ്പിടുവിച്ചത്. നിയമക്കുരുക്കിൽപ്പെട്ട് ഒരാളുടെ ജീവന് ഹാനി സംഭവിക്കരുതെന്നതായിരുന്നു കോടതിയിൽ മുന്നോട്ടുവച്ച പ്രധാന വാദം. കെ സോട്ടോയുടെ ഹൃദയമാറ്റത്തിനുള്ള പട്ടികയിൽ ദുർഗയ്ക്ക് മുൻഗണന നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനൊപ്പം ജനറൽ ആശുപത്രി മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും ദുർഗ കാമിയുടെ അമ്മയും മൂത്ത സഹോദരിയും സമാന അസുഖത്തെത്തുടർന്ന് മരിച്ച വിവരവും കോടതിയിൽ ചൂണ്ടിക്കാട്ടി. നേപ്പാളിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും ഇവരുടെ താമസസ്ഥലത്തുനിന്നുള്ള വിവരങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു.