എയ്ഡഡ് സ്കൂൾ ആശ്രിത നിയമനം തടസമില്ലെന്ന് സർക്കാർ

Tuesday 23 December 2025 12:13 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളിൽ സർവ്വീസിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിൽ തടസമില്ലെന്ന് സർക്കാർ വ്യക്തമാക്കി.ആശ്രിത നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങളിൽ ഈ വർഷം മാർച്ചിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു.ഇതുസംബന്ധിച്ച ഉത്തരവിലെ ഖണ്ഡിക 1 (7) പ്രകാരം എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരല്ലായെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

മാർച്ച് മാസത്തിലിറക്കിയ ഉത്തരവിൽ സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ആനുകൂല്യത്തിനാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അർഹതയില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത്. അത് പത്തുലക്ഷം രൂപ സഹായം നൽകുന്നതിന് മാത്രമാണ് ബാധകം. നിയമനം നടത്തുന്നതിനല്ലെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആശ്രിതർക്ക്, പ്രസ്തുത വകുപ്പുകളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളിലും ഉത്തരവുകളിലും നിലനിൽക്കുന്ന വ്യവസ്ഥകൾ ബാധകമാക്കിക്കൊണ്ട് ആശ്രിത നിയമനം അനുവദിക്കുന്നതിന് മേൽ ഉത്തരവ് തടസ്സമല്ല എന്നും പുതിയ ഉത്തരവിൽ സ്പഷ്ടീകരണം നൽകിയിട്ടുണ്ട്.അതോടെ എയ്ഡഡ് സ്കൂളിലെ ആശ്രിത നിയമനം നൽകുന്നതിനുള്ള തടസ്സങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു.