ട്രാൻ. ബസ് തടഞ്ഞ കേസ്, മുൻ മേയർ ആര്യാ രാജേന്ദ്രനും എം.എൽ.എയ്ക്കും നോട്ടീസ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവർ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ കെ.എം.സച്ചിൻ ദേവ്, ആര്യയുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവർക്ക് കോടതി നോട്ടീസ്. ജനുവരി 21ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണം. ഇവരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതിനെതിരെ യദു നൽകിയ ഹർജിയിലാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസിന്റെ നടപടി. നിലവിൽ അരവിന്ദ് മാത്രമാണ് പ്രതി.
എഫ്.ഐ.ആറിൽ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ടാണ് യദു പുതിയ ഹർജി നൽകിയത്. തന്നോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ മാണിക്കൽ കട്ടക്കൽ കൊപ്പം ലൈല മൻസിലിൽ സുബിനെയും പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടു. ബസിൽ ഉണ്ടായിരുന്ന മെമ്മറി കാർഡ് മേയർ അടക്കമുള്ളവരുടെ സമ്മർദ്ദത്തിന് വഴങ്ങി സുബിൻ നശിപ്പിച്ചെന്നാണ് യദുവിന്റെ ആരോപണം.
കേസെടുക്കാൻ തുടക്കത്തിലേ പൊലീസ് വിമുഖത കാട്ടിയിരുന്നു. യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നിർദ്ദേശിച്ചപ്പോഴാണ് കന്റോൺമെന്റ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. 2024 ഏപ്രിൽ 27ന് രാത്രി 10നായിരുന്നു സംഭവം. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽ വച്ച് ആര്യയും ഭർത്താവും അടക്കമുളളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞാണ് ഡ്രൈവർ യദുവിനെ അസഭ്യം പറഞ്ഞ് ആക്രമിച്ചതെന്നാണ് പരാതി.